എറണാകുളം: മോൺസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട കുറ്റപത്രവും, മൂന്നാം ഘട്ട കുറ്റപത്രവും കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ വർഷങ്ങളിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് മൂന്ന് ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിച്ചത്.
മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഭാര്യ ബിന്ദുലേഖ, ഐജി ലക്ഷ്‌മണ, ശിൽപ്പി സന്തോഷ് എന്നിവർക്കെതിരായ കുറ്റപത്രമാണ് സമർപ്പിച്ചത്. കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ പ്രതിയായ ആദ്യഘട്ട കുറ്റപത്രം ക്രൈം ബ്രാഞ്ച് നേരത്തെ സമർപ്പിച്ചിരുന്നു.
ഈ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഭാര്യ ബിന്ദുലേഖ എന്നിവർക്കെതിരെയാണ് രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഐജി ലക്ഷ്‌മണ, ശിൽപ്പി സന്തോഷ് എന്നിവരാണ് മൂന്നാം ഘട്ട കുറ്റപത്രത്തിലെ പ്രതികൾ.
മൂന്ന് കുറ്റപത്രങ്ങളിലും ഒന്നാം പ്രതി മോൺസൻ മാവുങ്കലാണ്. വ്യാജ പുരാവസ്‌തു കാണിച്ച് മുഖ്യപ്രതിയായ മോൺസൻ പത്ത് കോടി രൂപ പരാതിക്കാരിൽ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല. എന്നാൽ മോൺസന് പണം നൽകാൻ പരാതിക്കാരെ പ്രേരിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ ഐജി ലക്ഷ്‌മണക്കെതിരായ ആരോപണം.
മുൻ ഡിഐജി എസ് സുരേന്ദ്രൻ്റെയും, ഭാര്യ ബിന്ദുലേഖയുടെയും സാന്നിധ്യത്തിലാണ് പരാതിക്കാർ മോണ്‍സന് പണം നൽകിയതെന്നും, ഇരുവരും മോണ്‍സന് പണം നൽകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. വ്യാജ പുരാവസ്‌തുക്കള്‍ ആണെന്നറിഞ്ഞിട്ടും അതുപയോഗിച്ചുള്ള തട്ടിപ്പിന് ശില്‍പ്പി സന്തോഷ് കൂട്ടുനിന്നുവെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള ആദ്യ ഘട്ട കുറ്റപത്രം ക്രൈം ബ്രാഞ്ച് നേരത്തെ സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ചുമത്തിയത്. ഈ കേസിൽ നേരത്തെ സുധാകരനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ജാമ്യം നൽകി വിട്ടുക്കുകയായിരുന്നു.
മോൺസന് നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റി എന്നായിരുന്നു പരാതിക്കാരായ അനൂപ്, ഷമീർ എന്നിവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ മോൺസൻ മാവുങ്കൽ ഒന്നാം പ്രതിയും, സുധാകരൻ രണ്ടാം പ്രതിയും, വിശ്വസ്‌തനായ എബിൻ എബ്രഹാം മൂന്നാം പ്രതിയുമാണ്.
അതേ സമയം മോൺസൻ തട്ടിയെടുത്തുവെന്ന് പരാതിക്കാർ ആരോപിക്കുന്ന പത്ത് കോടി രൂപ കണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ല. മോൺസൻ ചെലവഴിച്ച 5.45 കോടി രൂപയെക്കുറിച്ചുള്ള കണക്കുകൾ മാത്രമാണ് ലഭിച്ചത്. തട്ടിയെടുത്ത ബാക്കി പണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പുരാവസ്‌തു തട്ടിപ്പ് കേസിൽ ഇഡിയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിക്കാർ നിയമ വിരുദ്ധമായാണ് മോൺസന് പണം നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ മോൺസനുമായുള്ള ഇടപാട് പരാതിക്കാർ ഉപോഗിച്ചോ എന്നതിൽ ഇഡി അന്വേഷണം നടത്താനും സാധ്യതയുണ്ട്.
Also Read: പുരാവസ്‌തു തട്ടിപ്പ് കേസ് : കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം