കോട്ടയം: മക്കൾ രാഷ്ട്രീയത്തെ കേരള കോൺഗ്രസ് ഒരിക്കലും എതിർത്തിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ. ജോസ് കെ മാണിയെ പാർലമെൻ്റ് അംഗമാക്കിയത് മുതൽ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണച്ചവരാണ് തങ്ങളെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
അന്ന് മാണി വിഭാഗം യുഡിഎഫിൽ ആയിരുന്നു. ഒരിക്കൽ പോലും ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നത് താനടക്കമുള്ള നേതാക്കൻമാര്‍ എതിർത്തിട്ടില്ല, മറിച്ച് പിന്തുണയ്ക്കുകയാണ് ചെയ്‌തത്.
ഭാവി രാഷ്ട്രീയത്തിൽ അപു ജോണ്‍ അനിവാര്യമെന്ന് കണ്ടതുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായാണ് സംസ്ഥാന കോർഡിനേറ്റർ സ്ഥാനം നൽകിയത്. അപു ജോണിനെ നേരത്തെ തന്നെ എംപിയോ എംഎല്‍എയോ ആക്കാൻ പിജെ ജോസഫിന് ആകുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ രാഷ്ട്രീയത്തിൽ പ്രവർത്തനം നടത്തി കടന്നു വരണമെന്ന തീരുമാനമുണ്ടായിരുന്നതു കൊണ്ടാണ് വൈകിയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യ സമയത്ത് എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്നും തീരുമാനം ഏകകണ്‌ഠമാണ് എന്നും എംഎൽഎ വ്യക്തമാക്കി.
നെൽകർഷകര്‍ക്ക് സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജ് വേണം
നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജ് വേണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ പല തവണ ഈ ആവശ്യം ഉന്നയിച്ചിട്ടും സർക്കാർ പരിഗണിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.
കോട്ടയത്ത് നെൽകർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോട്ടയം പാഡി ഓഫീസിന് മുൻപിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
കടക്കെണിയിൽ മുങ്ങി നിൽക്കുന്ന നെൽകർഷകർക്ക് സർക്കാർ അടിയന്തിരമായി സഹായം നല്‍കുക, നെല്ല് സംഭരണ തുക കുടിശ്ശിക നൽകുക, നെൽകർഷകർക്കുള്ള സബ്‌സിഡികൾ വർധിപ്പിക്കണം തുടങ്ങിയവയാണ് ആവശ്യം.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ജില്ലാ പ്രസിഡന്‍റ് അഡ്വ. ജെയ്‌സൺ ജോസഫ് മറ്റ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാരും കർഷകരും സമരത്തില്‍ പങ്കെടുത്തു.
Also Read: വയനാട് ഡിസിസി ട്രഷററുടെ മരണം; ജനുവരി 15 വരേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി