ചെന്നൈ: മനുഷ്യത്വം മരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ മനുഷ്യർക്ക് മാതൃകയാവുകയാണ് ഒരു മിണ്ടാപ്രാണി. സ്വന്തം ചോരയിലുണ്ടായ കുട്ടിയെപ്പോലെ ഒരു പൊന്മാൻ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് ചൂടുപകർന്ന് അന്നം ഊട്ടുന്ന കുരങ്ങിന്‍റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. ചെന്നൈ സിന്ദാകിരി പേട്ട സ്വദേശി സുദർശന്‍റെ വീട്ടിലാണ് ഈ അത്യപൂർവ കാഴ്‌ച.
സുദർശൻ ഇപ്പോൾ തമിഴ്‌നാട്ടിൽ പ്രശസ്‌തനാണ്. അടുത്തിടെ പുറത്തിറങ്ങിയ കാർത്തി- അരവിന്ദ് സ്വാമി ചിത്രം മെയ്യഴകനിൽ അരവിന്ദ് സ്വാമിയുടെ കഥാപാത്രം ആയിരക്കണക്കിന് തത്തകളോട് സംവദിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് സുദർശന്‍റെ വീടിന് മുകളിലാണ്.
15 വർഷമായി 6000ത്തിലധികം പക്ഷികൾക്ക് സുദർശൻ ഭക്ഷണം നൽകുന്നുണ്ട്. തന്‍റെ പിതാവ് മരിച്ച ദുഃഖത്തിൽ നിന്നും വിമുക്തനാവാൻ വേണ്ടിയായിരുന്നു സുദർശൻ പക്ഷികൾക്ക് തീറ്റ നൽകാൻ ആരംഭിച്ചത്. സ്ഥിരമായി പക്ഷികൾ ഭക്ഷണം കഴിക്കാൻ എത്തിയതോടെ 70 കിലോ ധാന്യമാണ് സുദർശന് ചെലവാകുന്നത്. പക്ഷികളെ കൂടാതെ അണ്ണാൻ, പൂച്ചകൾ തുടങ്ങി പല ജീവജാലങ്ങളും ഭക്ഷണം കഴിക്കാൻ സുദർശന്‍റെ വീട് തേടിയെത്തും. അത്തരത്തിൽ സുദർശന്‍റെ വീടിനുമുകളിലെത്തിയ അതിഥിയാണ് ഈ കുരങ്ങ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാധാരണ ചെന്നൈ നഗരത്തിൽ കുരങ്ങനെ കാണാൻ സാധിക്കാറില്ലെന്ന് സുദർശൻ ഇടിവി ഭാരതിനോട് പറഞ്ഞു. ആദ്യമായി തന്‍റെ വീട് തേടി ഒരു കുരങ്ങ് എത്തിയപ്പോൾ കൗതുകം ആയിരുന്നു. ശ്രദ്ധിച്ച് നോക്കിയപ്പോൾ കുരങ്ങിന്‍റെ കയ്യിൽ ഒരു കുഞ്ഞുണ്ട്. അത് കുരങ്ങന്‍റെ കുഞ്ഞാകും എന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ അതൊരു പക്ഷി ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരു പൊന്മാന്‍റെ കുഞ്ഞായിരുന്നു അത്.
കൃത്യമായി പറഞ്ഞാൽ 15 ദിവസം മുമ്പാണ് കുരങ്ങ് ഭക്ഷണം തേടി സുദർശന്‍റെ വീട്ടിലെത്തുന്നത്. കുരങ്ങിന്‍റെ കയ്യിൽ എന്തോ ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. അത് ഒരു പക്ഷിക്കുഞ്ഞാണ് എന്ന് മനസിലായപ്പോൾ കുരങ്ങ് ആ പൊന്മാൻ കുഞ്ഞിനെ കൊന്നുകളയുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് സുദർശൻ പറഞ്ഞു.
എന്നാൽ കുരങ്ങ് പക്ഷിക്കുഞ്ഞിനെ തന്‍റെ നെഞ്ചോട് ചേർത്ത് ഒരു അമ്മയെപ്പോലുള്ള പരിചരണമാണ് അതിന് നൽകിയത്. പക്ഷികൾക്ക് നൽകാൻ വച്ചിരുന്ന ധാന്യങ്ങൾ കുരങ്ങ് ചവച്ച് മൃദുവാക്കിയ ശേഷം ആ പക്ഷിക്കുഞ്ഞിന്‍റെ കൊക്കുകളിലേക്ക് വച്ച് കൊടുക്കുകയാണ്. അമ്മ നൽകുന്ന ഭക്ഷണം പോലെ ആ പൊന്മാൻ കുഞ്ഞ് അത് കഴിക്കുന്നു. ആ പൊന്മാൻ കുഞ്ഞിനെ പെറ്റമ്മയെ പോലെ പരിപാലിക്കുകയാണ് ആ കുരങ്ങ്.
മനുഷ്യർ ഇത് കണ്ടുപഠിക്കേണ്ട ഒരു പാഠമാണെന്ന് സുദർശൻ പറഞ്ഞു. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കുരങ്ങ് ഇപ്പോൾ പക്ഷിക്കുഞ്ഞിനെയും കൊണ്ട് തീറ്റ കഴിക്കാനായി എത്തുന്നുണ്ട്. കുരങ്ങ് മരത്തിലേക്ക് ചാടി കയറുമ്പോഴും ഓടുമ്പോഴും കുഞ്ഞിനെ എപ്പോഴും നെഞ്ചിൽ ചേർത്തു പിടിച്ചിരിക്കുന്നത് കാണാം. ആ കാഴ്‌ച കണ്ണീരണിയിച്ചതായി സുദർശൻ കൂട്ടിച്ചേർത്തു.
Also Read: തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ; കെങ്കേമമായി ഇടയിലക്കാട് കാവിലെ 'വാനരന്മാരുടെ' ഓണം