ഇടുക്കി: പന്നിയാറിലും ആനയിറങ്കലിലും ഇനി മുതൽ റേഷൻ വിതരണം മുടങ്ങില്ല. ഇനിമുതന്‍ സഞ്ചരിക്കുന്ന റേഷൻ കടകൾ ആദിവാസി കുടികളിൽ എത്തും. ഇത്തരത്തില്‍ രണ്ട് സഞ്ചരിക്കുന്ന റേഷൻ കടകൾക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് തുടക്കമിട്ടു. കാട്ടാനകൾ ഓരോ തവണയും റേഷൻ കടകൾ ആക്രമിക്കുമ്പോൾ റേഷൻ വിതരണം മുടങ്ങുന്നത് പതിവായിരുന്നു. അരിക്കൊമ്പൻ ഏറ്റവും ആക്രമണം നടത്തിയത് പന്നിയാറിലെയും ആനയിറങ്കലിലെയും റേഷൻ കടകൾക്ക് നേരെയായിരുന്നു.
അരിക്കൊമ്പനെ കാട് കടത്തിയതോടെ ആക്രമണം ചക്കക്കൊമ്പൻ ഏറ്റെടുത്തു. ഇത്തരം സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങാന്‍ തീരുമാനമായത്. ഇനി റേഷൻ മുടങ്ങാതെ കുടികളിൽ എത്തും. ആടുവിളന്താൻ കുടിയിലും ശങ്കരപാണ്ഡ്യൻ മേട്ടിലും ഉള്ളവർക്കായി സഞ്ചരിക്കുന്ന റേഷൻ കട തയ്യാറായി. ശങ്കരപാണ്ഡ്യമേട്ടിൽ 52 കാർഡ് ഉടമകളുണ്ട്.
മാസത്തിൽ രണ്ട് പ്രാവശ്യം റേഷൻ ധാന്യങ്ങളുമായി വാഹനം കുടികളിൽ എത്തും. ആനശല്യം കൂടുതലുള്ള 301, പന്തടികളം, പച്ച പുൽതൊഴുകുടി, കോഴിപ്പന്നക്കുടി എന്നിവിടങ്ങളിലേയ്ക്കും സഞ്ചരിക്കുന്ന റേഷൻ കട വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മുറ്റത്ത് റേഷൻ ലഭ്യമായതിലുള്ള സന്തോഷത്തിലാണ് ഇടുക്കിയിലെ ഗോത്ര സമൂഹം.