കാസർകോട്: കല്യാശേരിയിൽ നിയമ വ്യവസ്ഥ ലംഘിച്ചാണ് വീട്ടിലെ വോട്ട് നടത്തിയതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സിപിഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവരാണെന്നും ഇത് തുടക്കം മാത്രമാണെന്നും എംഎം ഹസൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വ് ഗൗരവമുള്ളതാണ്. കള്ള വോട്ട് കേരളത്തിൽ ഉടനീളം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹസൻ കാസർകോട്ട് പറഞ്ഞു.
സിപിഎം എല്ലാ കാലത്തും കള്ള വോട്ട് നടത്തുന്നവർ ആണ്. കണ്ണൂർ ജില്ലയിൽ ഇത് സ്വാഭാവികമാണ്. വ്യവസ്ഥകൾ എല്ലാം ലംഘിക്കുകയാണ്. ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം. ഇത് ഗൗരവമുള്ള വിഷയമാണ്. ഇലക്ഷൻ കമ്മീഷന് പരാതി കൊടുത്തു. കേരളത്തിൽ ഉടനീളം ഇത്തരം രീതി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.
മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ലെന്നും എംഎം ഹസൻ പറഞ്ഞു. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏക മത രാഷ്ട്രം ആക്കാൻ പോകുന്നു എന്ന ആശങ്കയുണ്ട്. അതിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ഹസന്‍ പറഞ്ഞു.