തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ക്ഷേമപെൻഷൻ കുടിശിക തീർത്തതിന്‍റെ രേഖ ഹാജരാക്കാൻ ധനമന്ത്രിയെ വെല്ലുവിളിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ. 600 രൂപ ക്ഷേമ പെൻഷൻ 18 മാസം ഉമ്മൻചാണ്ടി സർക്കാർ മുടക്കിയ കാലത്താണ് ഒന്നാം സർക്കാർ വന്നത് എന്നാണ് ധനമന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം? ഇത്തരം വ്യാജ പ്രചരണങ്ങൾ സർക്കാരിന്‍റെയും അതിനെ നയിക്കുന്നവരുടെയും മുഖമുദ്രയാണെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിൽ പി സി വിഷ്ണുനാഥ് പറഞ്ഞു.
പാവപ്പെട്ട ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. സാമൂഹ്യ പെൻഷൻ എന്ന ആശയം കോൺഗ്രസ് മുഖ്യമന്ത്രിയായ ആർ ശങ്കർ ആദ്യം നടപ്പിലാക്കുമ്പോൾ ഇതായിരുന്നു അതിന്‍റെ മുൻപിൽ ഉണ്ടായിരുന്നത്. അത് ജനങ്ങൾക്ക് സർക്കാർ നൽകുന്ന ഔദാര്യമല്ല. സർക്കാർ നിറവേറ്റുന്ന ഭരണഘടനാപരമായ ബാധ്യതയാണ്. അത് ജനങ്ങളുടെ അവകാശമാണ്. ആ പൗരാവകാശത്തെ രാജഭരണകാലത്ത് പ്രജകൾക്ക് ലഭിക്കുന്ന ഔദാര്യം പോലെ ചിത്രീകരിക്കുന്ന പി ആർ നറേറ്റീവ് കഴിഞ്ഞ കുറെ കാലങ്ങളായി കണ്ടുവരികയാണ്.
സാമൂഹ്യ പെൻഷൻ കൊടുക്കണം എന്ന കാരണത്താലാണ് കഴിഞ്ഞ ബജറ്റിൽ വെള്ളക്കരവും വൈദ്യുതചാർജ്ജും വീട്ടുകരവും വർധിപ്പിച്ചത്. ജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കെല്ലാം ചാർജ് ഇരട്ടിയാക്കി. അതിന് പുറമെ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയപ്പോഴും പറഞ്ഞത് സാമൂഹ്യ പെൻഷൻ കൊടുക്കുന്നതിനു വേണ്ടിയാണെന്നാണ്. ജീവിതം വഴിമുട്ടിയപ്പോഴാണ് കോഴിക്കോട് ചക്കിട്ടപ്പാറയിൽ ജോസഫ് എന്ന വ്യക്തി ആത്മഹത്യ ചെയ്‌തത്.
സർക്കാരാണ് ഉത്തരവാദി എന്ന് എഴുതിവെച്ചിട്ട് ഒരാൾ ആത്മഹത്യ ചെയ്‌താല്‍ പിന്നെ ഈ ആത്മഹത്യയ്ക്ക് കേരള സർക്കാർ അല്ലാതെ തമിഴ്നാട് സർക്കാർ പ്രതിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ നവകേരള സദസ് നടത്താൻ പണമുണ്ട്. ക്ലിഫ് ഹൗസിലെ തൊഴുത്ത് 40 ലക്ഷം രൂപയ്ക്ക് പണിതിട്ട് അതിനു മുന്നിലെ ചാണകക്കുഴിക്ക് 3,72,000 രൂപ അനുവദിക്കുന്ന സർക്കാർ ഈ നാട്ടിലെ പാവപ്പെട്ടവന് അവൻറെ സാമൂഹ്യ പെൻഷൻ കൊടുക്കാൻ തയ്യാറാകുന്നില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് മൂന്ന് പെൻഷൻ ഉണ്ടായിരുന്നു. 20l9 ൽ ഒരു സർക്കാർ ഉത്തരവ് വഴി അത് ഒറ്റപെൻഷനാക്കി കുറച്ചുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.