കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ ശക്തരായ ഇടത് - വലത് സ്ഥാനാർഥികൾക്ക് മുന്നിൽ അപ്രതീക്ഷിത എതിരാളിയെ മത്സര രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസിന്‍റെയും സംസ്ഥാന സെക്രട്ടറി ശ്രീകാന്തിന്‍റെയും പേര് കേട്ടിടത്താണ് മഹിള മോർച്ച നേതാവ് എംഎൽ അശ്വിനിയെ കാസർകോട് പിടിക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ വനിത വോട്ടുകൾ പരമാവധി പെട്ടിയിലാക്കാനുള്ള ലക്ഷ്യമാണ് ബിജെപിയുടേത്.
കാസർകോട് ജില്ലയിലെ സജീവ ബിജെപി പ്രവർത്തകയാണ് അശ്വിനി. കടമ്പാർ വാർഡിൽ നിന്നുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അശ്വിനി. 804 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ സിറ്റിങ് സീറ്റിൽ ജയിച്ച് അശ്വിനി ബ്ലോക്കിൽ എത്തിയത്. മഹിള മോർച്ച ദേശീയ സമിതിയംഗം കൂടിയാണ്.
ബെംഗളൂരുവിലാണ് ജനിച്ചുവളർന്നത്. അധ്യാപികയായി വിവിധ സ്‌കൂളുകളിൽ ജോലിചെയ്‌തു. കാസർകോടിനെ സംബന്ധിച്ചു പല നാട്ടിൽ പല ഭാഷ സംസാരിക്കുന്നവരാണ്.
തുളുവും കന്നഡയും കൊങ്കിണിയും മറ്റു സ്ഥാനാർഥികൾക് ബുദ്ധിമുട്ട് ആകുമെങ്കിൽ ആറ് ഭാഷകളിൽ വെള്ളംപോലെ ജനങ്ങളോട് സംവദിക്കാൻ അശ്വിനിക്ക് കഴിയും. എൻ ഡി എ സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനവും മാറ്റവും കാസർകോട്ടും പ്രതിഫലിപ്പിക്കാനാണ് താൻ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്നതെന്ന് അശ്വിനി പറയുന്നു.
പ്രവാസിയായിരുന്ന പി ശശിധരയെ വിവാഹം ചെയ്‌താണ് കടമ്പാറിൽ എത്തിയത്. മുഡിപ്പു ഗവ. കോളജ് ഒന്നാം വർഷ പിയുസി വിദ്യാർഥി എസ് ജിതിൻ, യുകെജി വിദ്യാർഥിനി എസ് മനസ്വി എന്നിവർ മക്കളാണ്.
ഈ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബിജെപിയുടെ സാന്നിധ്യം ഏറെ നിർണായകമാണ്.
ഭാഷ ന്യൂനപക്ഷ വോട്ടുകളിലെ സ്വധീനവും, ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണ സാധ്യതയും കാസർകോടിനെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ബിജെപി ഉൾപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ, പ്രത്യേക ചാർജ് നൽകി മാസങ്ങൾക്ക് മുൻപു തന്നെ ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ജില്ല പ്രസിഡന്‍റ് കൂടിയായ രവീശ തന്ത്രി കുണ്ടാറിന് 1,76,049 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലത്തിലാണ് ബിജെപിക്ക് കൂടുതൽ വോട്ടർമാരുള്ളത്. വന്ദേ ഭാരതും ആറുവരിപാതയും അടക്കം കാസർകോട് മണ്ഡലത്തിൽ അടുത്തിടെ വന്ന വികസന കുതിപ്പിനു കാരണം കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരാണെന്നാണ് ബിജെപിയുടെ പ്രധാന പ്രചാരണായുധം.