കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ അർജുൻ്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചത്. സർക്കാർ അതിനായി പ്രത്യേക ഉത്തരവിറക്കിയിരുന്നു. തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്‌ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്‌ണപ്രിയ പ്രതികരിച്ചു.
ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്‌ണപ്രിയ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 16നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ദേശീയ പാതയോരത്ത് ലോറിയില്‍ കിടന്നുറങ്ങുമ്പോഴാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്. ദുരന്തത്തിന് പിന്നാലെ ഏറെ നാള്‍ അര്‍ജുനായി തെരച്ചില്‍ നടത്തിയെങ്കിലും അത് വിഫലമായി. ഇതോടെ ഡ്രഡ്‌ജര്‍ എത്തിച്ച് തെരച്ചില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read: 'അർജുനെ കൊണ്ടുവരും, ഇതെന്‍റെ ശപഥമാണ്'; കുടുംബത്തിന് മൽപെയുടെ ഉറപ്പ്