കോഴിക്കോട് : മിഠായി തെരുവിലെ ചെരുപ്പ് കടയിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി. പ്രായപൂർത്തിയാകാത്തതിനാൽ കോഴിക്കോട് ടൗൺ പൊലീസ് വൈകുന്നേരത്തോടുകൂടി കുട്ടിയെ ഉപദേശിച്ച് വിട്ടയച്ചു. എന്നാൽ പിന്നാലെ ബൈക്ക് മോഷ്‌ടിച്ചതോടെ വീണ്ടും കുട്ടി പിടിയിലായി.
എസ്എം സ്ട്രീറ്റിലെ സുഹറ ഫൂട്‌വെയറിൽ ചൊവ്വാഴ്‌ച (ജൂൺ 18) രാവിലെയാണ് ആദ്യ മോഷണം നടന്നത്. സെയിൽസ്‌മാൻ മുകളിലത്തെ നിലയിലേക്ക് പോയപ്പോൾ കുട്ടി കൗണ്ടർ തുറന്ന് പണം കവരുകയായിരുന്നു. 5500 രൂപയാണ് മോഷ്‌ടിച്ചത്. ഷൂ വാങ്ങാനായാണ് കുട്ടി രാവിലെ 10 മണിയോടെ കടയിലെത്തിയത്.
സെയിൽസ്‌മാൻ ഷൂ എടുത്ത് കാണിക്കുകയും തുടർന്ന് മുകളിൽ നിന്ന് മറ്റൊരു ഷൂ എടുക്കാൻ പോവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കൗണ്ടർ തുറന്ന് പണം എടുക്കുകയും തുടർന്ന് ഷൂ വാങ്ങി പണം നൽകി കടയിൽ നിന്ന് പോവുകയും ചെയ്യുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം നൽകി ഉടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ പൊലീസ് കുട്ടിയെ ഉടൻതന്നെ പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മറ്റൊരിടത്തെത്തി ഒരു ബൈക്ക് മോഷ്‌ടിച്ചത്. നാട്ടുകാർ പിടികൂടിയ കുട്ടിയെ വീണ്ടും പൊലീസിന് കൈമാറി. നിലവിൽ പൊലീസ് കേസ് എടുത്തിട്ടില്ല. കുട്ടിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറാനുള്ള തീരുമാനം പരിഗണനയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
ALSO READ : ബേക്കൽ കോട്ട കാണാനെത്തിയ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; മൂന്ന് പേർ അറസ്റ്റിൽ