തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം സംഭവിക്കുകയും ഒരാള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തി. രോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബോധവത്ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍.
മൂക്കിനും തലച്ചോറിനുമിടയിലുള്ള നേര്‍ത്ത സ്‌തരങ്ങളിലൂടെ തലച്ചോറിലെത്തിച്ചേരുന്ന അമീബയാണ് രോഗമുണ്ടാക്കുന്നത്. ഇത് ചിലപ്പോള്‍ ചെവിയിലെ ചെറു സുഷിരങ്ങളിലൂടെയും തലച്ചോറിലെത്താം. അതുകൊണ്ട് ചെവിയില്‍ അണുബാധയുള്ള കുട്ടികളെ കുളങ്ങളിലോ അഴുക്ക് വെള്ളത്തിലോ കുളിപ്പിക്കരുത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. അഴുക്ക് വെള്ളത്തില്‍ കുളിക്കുന്നതും മറ്റും ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും നീന്തല്‍കുളങ്ങളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഒഴുക്ക് വെള്ളത്തില്‍ കുളിക്കുന്നവര്‍ക്കും മറ്റുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. രോഗത്തെക്കുറിച്ച് വളരെ കുറച്ച് പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. 10 ലക്ഷം പേരില്‍ 2.6 പേര്‍ക്ക് രോഗമുണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്.
രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അണുബാധയുണ്ടായാല്‍ ഒന്‍പത് ദിവസത്തിനകം ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും.
കടുത്ത തലവേദന, പനി, ശ്വാസം മുട്ടല്‍, ഛര്‍ദ്ദി, കഴുത്ത് വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. സ്ഥിതി ഗുരുതരമാകുന്നതോടെ ജന്നിയുടെ ലക്ഷണങ്ങളും ഓര്‍മ്മ നഷ്‌ടപ്പെടലും അബോധാവസ്ഥയിലാകലും എല്ലാം കാണിക്കും. സ്പൈനല്‍ കോഡില്‍ നിന്നുള്ള സ്രവങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പുഴയിലോ തോട്ടിലോ കുളത്തിലോ കുളിക്കുന്നവര്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. യാതൊരു തരത്തിലും മൂക്കില്‍ വെള്ളം കയറാന്‍ അനുവദിക്കരുത്. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്‌ടറെ കാണുക.