തിരുവനന്തപുരം : കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ നടക്കുന്ന എ ഐ കോൺക്ലേവിന്‍റെ പ്രഖ്യാപന ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചികിത്സ സഹായം അടക്കം എല്ലാം സർക്കാർ ചെയ്യും. ആരോഗ്യ മന്ത്രി കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിലായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജും ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകും.
പ്രമുഖ വ്യവസായി യൂസഫലി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതവും പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള രണ്ട് ലക്ഷം രൂപ വീതവും സഹായം നല്‍കാം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വീതമാകും സഹായം ലഭിക്കുക. കേരളത്തിന്‍റെ ഡല്‍ഹി പ്രതിനിധി കെ വി തോമസ് മുഖേനയാകും സംസ്ഥാനം, കേന്ദ്രവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ALSO READ: കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം; ചര്‍ച്ചയ്‌ക്ക് അടിയന്തര മന്ത്രിസഭ യോഗം