തൃശൂർ: സിപിഐയിൽ ഭിന്നത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭിന്നത ഉണ്ടെന്ന് പറയുന്നത് വെറും മാധ്യമസൃഷ്‌ടി മാത്രമാണ്. മാധ്യമങ്ങളെ അഭിപ്രായം പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുന്നുണ്ട്. ആരെയാണോ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് അവരും പറയുന്നുണ്ട്. ആര് പറഞ്ഞാലും അത് പാർട്ടിയുടെ നിലപാടായിരിക്കും. പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് പത്രമാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങളുടെ പാർട്ടി എക്‌സിക്യൂട്ടീവിൽ ഒരു തരത്തിലുളള ഭിന്നതയുമില്ല. സിപിഐ ഒരു ഭിന്നതയുടെ കേന്ദ്രമേയല്ല. ആരോഗ്യകരമായ ചർച്ചകൾ മാത്രമാണ് ഉണ്ടായത്. പുറത്ത് പറയേണ്ടതായ ഒരു തരത്തിലുളള ഭിന്നതയും ഇപ്പോൾ ഇല്ല. ഇപ്പോൾ എടുത്ത എല്ലാ നിലപാടും പാർട്ടി ഏകകണ്‌ഠമായി എടുത്ത നിലപാടാണ്.' -കെ രാജന്‍ വ്യക്‌തമാക്കി.
സിപിഐ സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല. അദ്ദേഹം ഒറ്റപ്പെട്ട് കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും പാർട്ടിയുണ്ടോ? ആരോഗ്യപരമായ ചർച്ചകൾ മാത്രമാണ് ഉണ്ടായത്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾക്ക് പിന്നാലെ തങ്ങൾ പോകണമെന്നില്ല. എഡിജിപിയെ മാറ്റിനിർത്തൽ സാധ്യമാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
Also Read: 'സർക്കാരിന് പിആർ ഏജൻസിയില്ല, പി ശശിക്കെതിരെ നടപടിയുടെ ആവശ്യമില്ല': എംവി ഗോവിന്ദൻ