തിരുവനന്തപുരം: ഗോത്രവർഗ കുടുംബ കേന്ദ്രങ്ങളെ കോളനികളെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. കോളനി എന്ന പേരിന് പകരം എന്ത് പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാം. അതാത് വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തന്‍റെ അവസാന പരിപാടിയായ ഉന്നതി എംപവർമെന്‍റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.രാധാകൃഷ്‌ണന്‍.
പ്രദേശത്തെ ജനങ്ങളുടെ സമ്മതപ്രകാരമാകും പേരുകള്‍ നിശ്ചയിക്കുക. വ്യക്തികളുടെ പേരുകളിലുള്ള സ്ഥലങ്ങളുടെ പേര് അതുപോലെ തുടരും. എന്നാൽ അതിനൊപ്പമുള്ള കോളനിയെന്ന പദം മാറ്റും. പരമാവധി വ്യക്തികളുടെ പേരിന് പകരം മറ്റ് പേരുകൾ നിശ്ചയിക്കാവുന്നതാണ്. മനുഷ്യ സാധ്യമായതെല്ലാം മന്ത്രിയായിരുന്ന ഘട്ടത്തിൽ ചെയ്യാൻ കഴിഞ്ഞു. എന്നാൽ മനുഷ്യന്‍റെ ആവശ്യങ്ങൾ മുഴുവൻ പരിഹരിക്കാമെന്നുള്ളത് അസാധ്യമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
മനുഷ്യൻ ഉള്ളിടത്തോളം കാലം പുതിയ ആവശ്യങ്ങൾ ഉണ്ടാകും. ആഗ്രഹമില്ലെങ്കിൽ പിന്നെ മനുഷ്യൻ ഇല്ല. എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മനുഷ്യന് സാധിക്കില്ല. കഴിയുന്നതെല്ലാം ചെയ്‌താണ് പോകുന്നതെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Also Read: മന്ത്രി കെ.രാധാകൃഷ്‌ണന്‍ രാജിവച്ചു: പടിയിറക്കം 'കോളനി' പരാമര്‍ശം മാറ്റാനുള്ള ഉത്തരവിട്ട്