തിരുവനന്തപുരം : അതിഥി തെഴിലാളികളുടെ പറുദീസയാകുന്ന കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം 5 ലക്ഷം കവിഞ്ഞെന്നു കണക്കുകള്‍. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയുടെ മേശപ്പുറത്തു വച്ച രേഖകളിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ആവാസ് പദ്ധതി, കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി, അതിഥി പോര്‍ട്ടല്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്‌ത കണക്കു പ്രകാരം സംസ്ഥാനത്താകെ 5,16,320 അതിഥി തൊഴിലാളികളാണ് തൊഴിലെടുക്കുന്നതിനായി എത്തിയിട്ടുള്ളത്.
കേരളത്തിലെത്തിയ അതിഥി തൊഴിലാളികളില്‍ ഒന്നാം സ്ഥാനം പശ്ചിമ ബംഗാളിനാണ്. 2,10,983 അതിഥി തൊഴിലാളികളാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ളത്. അസമിനാണ് അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം. അസമില്‍ നിന്നുള്ള 87,087 തൊഴിലാളികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ദിവസ വേതനത്തില്‍ തൊഴിലെടുക്കുന്നുണ്ട്. മുന്നാം സ്ഥാനത്തുള്ള ഒഡിഷയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുട എണ്ണം 56,245 ആണ്. ഏറ്റവും കുറവ് തൊഴിലാളികള്‍ ലക്ഷദ്വീപില്‍ (07) നിന്നാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ : ബിഹാര്‍-51,325, ഉത്തര്‍പ്രദേശ്-19,413, ജാര്‍ഖണ്ഡ്-27,071, ആന്ധ്രപ്രദേശ്-2168, ഛത്തീസ്‌ഗഡ്-2,318, കര്‍ണാടക-7,791, തമിഴ്‌നാട്-36,122, രാജസ്ഥാന്‍-2846, മധ്യപ്രദേശ്-4571, മഹാരാഷ്ട്ര-1124, ത്രിപുര-1156, മണിപ്പൂർ-556, ഡൽഹി-543, മേഘാലയ-525.
അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും നിര്‍മ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നാണ് ആസൂത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ആസൂത്രണ ബോര്‍ഡ് അംഗം കെ രവി രാമന്‍റെ 2021 ലെ പഠനമനുസരിച്ച് കേരളത്തിലെ അതിഥി തൊഴിലാളികള്‍ 31 ലക്ഷമായിരുന്നു.
കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും ഉയര്‍ന്ന വേതനവുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ ഇന്ത്യ പേജ് റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥിരമായ ഉയര്‍ന്ന വേതനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കാര്‍ഷികേതര തൊഴിലുകള്‍ക്ക് 690 രൂപയ്ക്ക് മുകളിലാണ് കൂലി. 2001 വരെ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നത് പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് കണക്ക്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണവും രജിസ്‌ട്രേഷനും നടപ്പിലാക്കുന്നത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളെ സംബന്ധിച്ച വിവരം തൊഴില്‍ വകുപ്പിന് ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.
1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ നിയമ പ്രകാരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമല്ല എന്നതാണ് കാരണം. അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കേരളത്തില്‍ കൊണ്ട് വരുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഇന്‍റര്‍സ്റ്റേറ്റ് മൈഗ്രൈന്‍റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ രജിസ്‌ട്രേഷന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍: കേരളത്തിലേക്ക് തൊഴിലിനായി എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വൃത്തിയോടു കൂടിയുള്ള താമസ സൗകര്യത്തിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമായി വിവിധ പദ്ധതികളാണ് തൊഴില്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഡീസല്‍ ജനറേറ്റര്‍, സിസിടിവി അടക്കം സംവിധാനങ്ങളോടു കൂടിയ ഹോസ്റ്റലുകളുകള്‍ എന്നിവ അപ്‌ന ഘര്‍ എന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 620 കിടക്കകളുള്ള അപ്‌ന ഘര്‍ ഹോസ്റ്റല്‍ പാലക്കാട് തയ്യാറായിട്ടുണ്ട്.
ഇതുപോലെ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയതാണ് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി.