കോഴിക്കോട് : മാവൂരിൽ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീട്ടുടമ ടെറസിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചാത്തമംഗലം കട്ടാങ്ങലിനു സമീപം പാലക്കാടിലാണ് ദാരുണ സംഭവം. പാലക്കാടി പുൽപ്പറമ്പിൽ കെ പി ഷയിൽ കുമാർ (57)ആണ് മരിച്ചത്. ഇന്നലെ (ജൂൺ 9) വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.
വീടിന് മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്ക് കഴുകാൻ കയറിയതായിരുന്നു ഷയിൽ കുമാർ. ടാങ്ക് കഴുകുന്നതിനിടയിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ വീട്ടിൽ മകൻ മാത്രമാണ് ഉണ്ടായിരുന്നത്.
ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തി. ഗുരുതരമായി പരിക്കേറ്റ ഷയിൽ കുമാറിനെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ് തിരൂർകോച്ചാം പള്ളിപ്പറമ്പിൽ പരേതനായ ഗോപാലൻ വൈദ്യർ,
മാതാവ് സീമന്തിനി, ഭാര്യ മൃദുല, മകൻ ആദിത്യൻ.
ALSO READ : ശവസംസ്‌കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി: ഒരാൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്