ഇടുക്കി : നെടുങ്കണ്ടത്ത് മദ്യപനെന്ന് തെറ്റിദ്ധരിച്ച് സ്‌കൂൾ ബസ് ഡ്രൈവർ മർദിച്ച മധ്യവയസ്‌കന്‍ മരിച്ചു. പാറത്തോട് രത്നം ഇല്ലം ഗാന്ധരൂപനാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. ജീപ്പ് ഓടിച്ച് വരികയായിരുന്ന ഗാന്ധരൂപന് പ്രഷർ കുറഞ്ഞതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെയെത്തിയ ബസ് ഡ്രൈവറായ നെടുങ്കണ്ടം സ്വദേശി വിനോദ്, ഗാന്ധരൂപൻ മദ്യപിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച് മർദിക്കുകയായിരുന്നു.
ഉടൻ തന്നെ ഗാന്ധരൂപൻ കുഴഞ്ഞുവീണു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
എന്നാൽ ഇന്നലെ(23-07-2024) ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തലയിലെ ഞരമ്പ് പൊട്ടി രക്തം കട്ടപിടിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗാന്ധരൂപനെ മര്‍ദിച്ച വിനോദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
Also Read : ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം - Wild Elephant Attack In Idukki