കോഴിക്കോട്: ഒതേനന്‍റെയും ഉണ്ണിയാർച്ചയുടെയും നാട്ടിൽ പിറന്ന കടത്തനാടൻ പെണ്ണ് കളരി അഭ്യസിക്കണം എന്നതാണ് നാട്ടുനിയമം. 13 വയസ് കഴിഞ്ഞാൽ കളരി പഠനം നിർത്തണം. പക്ഷേ മീനാക്ഷി കളരി ഉപേക്ഷിക്കാൻ തയ്യാറായില്ല. മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ പയറ്റുമുറകളിലും കത്തി, ഉറുമി, വാൾ എന്നിവയുടെ പ്രയോഗത്തിലും അവർ ഒപ്പമുള്ള ആൺകുട്ടികളെക്കാളും മികച്ചു നിന്നു. എണ്‍പതാം വയസിലും അതേ ചടുലതയോടെ ചുവടുകളും അടവുകളും തുടരുകയാണ് മീനാക്ഷിയമ്മ.
പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു. അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. ഭർത്താവ് മരിച്ച് നാൽപത്തിയൊന്നാം ദിവസം നേരത്തെ ബുക്ക് ചെയ്‌ത പരിപാടിക്ക് മക്കളും ശിഷ്യന്മാരും നിർബന്ധിച്ചപ്പോൾ മീനാക്ഷി ചുവടുവെച്ചു.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്. ആയോധനകല എന്നതിനപ്പുറം മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താനുള്ള ഉപാധികൂടിയാണ് കളരിജീവിതം എന്ന അഭിപ്രായമാണ് അവർക്കുള്ളത്. ഒപ്പം ശരീരത്തിൻ്റെ എല്ലാ വേദനകൾക്കും ഫലവത്തായ ഉഴിച്ചിലും ഇവിടെ നടക്കുന്നുണ്ട്.
വാളും പരിചയും ഉറുമിയുമെല്ലാം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന മീനാക്ഷിയമ്മയെ നാട്ടുകാർ സ്നേഹത്തോടെ 'സമുറായി' അമ്മ എന്നാണ് വിളിക്കുന്നത്. കളരിയുടെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ച് സാരിയിൽ തന്നെയാണ് മീനാക്ഷി ഗുരുക്കൾ കളരി ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. പെൺകുട്ടികൾ നിർബന്ധമായും കളരി അഭ്യസിച്ചിരിക്കണം എന്നാണ് ആയോധനകലാരംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മീനാക്ഷിയമ്മയ്ക്ക് പറയാനുള്ളത്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ 'ആർച്ച' എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ച പോരാട്ട വീര്യത്തിന് ഏറെ സന്തോഷം.
Also Read: കളരിയാണ് ജീവിതം: കടത്തനാടിന്‍റെ "സമുറായി അമ്മ" അഥവാ പത്മശ്രീ മീനാക്ഷിയമ്മ