തിരുവനന്തപുരം : മൃഗശാലയിലെ ത്വക്ക് രോഗം ബാധിച്ച സിംഹത്തിന് അമേരിക്കയില്‍ നിന്നും മരുന്ന്. ആറ് വയസുള്ള ഗ്രേസി എന്ന പെണ്‍സിംഹത്തിന് വേണ്ടിയാണ് അമേരിക്കയില്‍ നിന്നും മരുന്ന് ഇറക്കുമതി ചെയ്‌തത്. വര്‍ഷങ്ങളായി ക്രോണിക്ക് അറ്റോപിക്ക് ഡെമറ്റൈറ്റിസ് എന്ന ത്വക്ക് രോഗമുള്ള ഗ്രേസി, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ നികേഷ് കിരണ്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു ഡോസിന് 10,000 രൂപ വില വരുന്ന അമേരിക്കന്‍ നിര്‍മിത മരുന്നായ 'സെഫോവേസിന്‍' എന്ന ആൻ്റിബയോട്ടിക്കിൻ്റെ നാല് ഡോസുകളാണ് ഇറക്കുമതി ചെയ്‌തത്. സൊയെറ്റിസ് എന്ന കമ്പനി മുഖാന്തരമാണ് മരുന്നെത്തിച്ചതെന്നും ഡോക്‌ടര്‍ നികേഷ് കിരണ്‍ അറിയിച്ചു. മൃഗശാലയില്‍ തന്നെ മുന്‍പുണ്ടായിരുന്ന ആയുഷ്, ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രേസി. ജന്മനാ പിന്‍കാലുകള്‍ക്ക് സ്വാധീനം കുറവുള്ള ഗ്രേസിക്ക് പ്രത്യേകം പരിചരണം നൽകി വരികയായിരുന്നു.
രോഗം ഭേദമായാല്‍ ഗ്രേസിയെ ചെന്നൈ വെണ്ടല്ലൂര്‍ മൃഗശാലയ്‌ക്ക് കൈമാറും. പകരം മറ്റൊരു പെണ്‍സിംഹത്തെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട 'ബ്ലഡ് ലൈന്‍ എക്‌സ്‌ചേഞ്ച്' പരിപാടിയുടെ ഭാഗമായാകും കൈമാറ്റം. നിലവില്‍ മൂന്ന് സിംഹങ്ങളാണ് മൃഗശാലയിലുള്ളത്.
ഗ്രേസി കൂടാതെ നൈല (7) എന്ന പെണ്‍സിംഹം ലിയോ (5) എന്ന ആണ്‍സിംഹവുമാണ് മൃഗശാലയിലുള്ളത്. ജില്ല വെറ്ററിനറി സെൻ്ററില്‍ നിന്നും വെറ്ററിനറി ഡോക്‌ടര്‍ നികേഷ് കിരണിൻ്റെ നേതൃത്വത്തില്‍ ഡോ. അശ്വതി വി.ജി, ഡോ. അജു അലക്‌സാണ്ടര്‍, ഡോ. ഹരീസ് എന്നീ ഡോക്‌ടര്‍മാരുടെ സംഘമാണ് ഗ്രേസിയുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്.