കോഴിക്കോട്: പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി നാലുപേർ അറസ്റ്റില്‍. കോഴിക്കോട് അഴിഞ്ഞിലം സ്വദേശി അബി, മണക്കടവ് സ്വദേശി അരുൺ, ഒളവണ്ണ സുരഭി സ്റ്റോപ്പിന് സമീപം താമസിക്കുന്ന അർജുൻ, പാലക്കാട് കോങ്ങോട് സ്വദേശിയായ പ്രസീത എന്നിവരാണ് പിടിയിലായത്. 140 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു.
കുന്ദമംഗലം പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. കുന്ദമംഗലത്തിന് സമീപം താഴെ പടനിലത്ത് ഇന്ന് (ജൂണ്‍ 26) ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സംഭവം. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. ഇതുവഴി വന്ന ഒരു ഇന്നോവ കാറിൽ മറ്റൊരു കാർ കെട്ടിവലിച്ച് കൊണ്ടുവരുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
കർണാടകയിൽ നിന്നും മയക്കുമരുന്ന് ശേഖരിച്ച് കോഴിക്കോടിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ. ലഹരി മരുന്നുമായി കേരളത്തിലേക്ക് വരുമ്പോൾ കർണാടകയിലെ ധോണി കുപ്പയിൽവച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അതിനുശേഷം ഇന്നോവ കാർ എത്തിച്ച് അപകടത്തിൽപ്പെട്ട കാർ കെട്ടി വലിച്ച് കൊണ്ടുവരികയുമായിരുന്നു. ഇതിനിടെയാണ് പിടിവീണത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡാൻസാഫ് എസ്‌ഐ മനോജ് എടയേടത്ത്, കുന്ദമംഗലം എസ്‌ഐമാരായ സി.സുമിത്ത്, ജി സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ് ചൂലൂർ, കെ അഖിലേഷ്, കെ പ്രമോദ്, സിപിഒ മാരായ കെ സുനോജ്, പി പി വിശോഭ്, നിഖില വളയന്നൂർ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
ALSO READ: മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍