തിരുവനന്തപുരം: കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ 5 പേരെ പ്രതിയാക്കി കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയിൽ കേസ് കൊടുത്തു. തിരുവനന്തപുരം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചുവെന്നും ഈ മാസം 6-ന് കേസിൽ വാദം കേൾക്കുമെന്നും യദുവിന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
യദുവിനെതിരെ മുൻപുണ്ടായ സംഭവങ്ങളിൽ ഉയർന്ന പരാതികൾ ചൂണ്ടിക്കാട്ടി തന്നെ വേട്ടയാടുന്നുവെന്ന് പ്രതികരിച്ചു. മുൻ കേസുകളെ കുറിച്ചുള്ള പരാതിയിൽ യദു ക്ഷുഭിതനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ നിരന്തരം ബുദ്ധിമുട്ടുക്കുന്നുവെന്നും തന്‍റെ പരാതിയിൽ ഇത്രയും നാളായി കേസെടുത്തില്ലെന്നും യദു പരാതിപ്പെട്ടു.
മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ബസിലെ കണ്ടക്‌ടറുടെ മൊഴിയും യദു നിഷേധിച്ചു. പിൻ സീറ്റിലായതിനാൽ യദു ആംഗ്യം കാണിച്ചോയെന്ന് അറിയില്ലെന്നായിരുന്നു കന്‍റോൺമെന്‍റ് പൊലീസിൽ കണ്ടക്‌ടർ നൽകിയ മൊഴി.
എന്നാൽ കണ്ടക്‌ടർ ഡിവൈഎഫ്ഐയുടെ പ്രവർത്തകനാണെന്നും മുൻ സീറ്റിൽ തന്നെ ഉണ്ടായിരുന്നെന്നും യദു ആരോപിച്ചു. അയാൾ എല്ലാം കണ്ടതാണെന്നും യദു ആരോപിച്ചു.