തിരുവനന്തപുരം : സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമല്ല, കെ എസ് ആർ ടി സി ഡ്രൈവർ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്‌തതാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ സഹോദരന്‍റെ ഭാര്യയോട് അപമാര്യാദയായി ആംഗ്യം കാണിച്ചു. വാഹനം തടഞ്ഞതുകൊണ്ടല്ല പ്രതികരിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. റെഡ് സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് സംസാരിച്ചത്. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് തങ്ങളുടെ അടുത്തേക്ക് തന്നെ അതിന്‍റെ കവർ വലിച്ചെറിഞ്ഞു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇതേ ഡ്രൈവർക്കെതിരെ നേരത്തെയും കേസ് ഉണ്ട്. അലക്ഷ്യമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും നിരവധി കേസുകൾ ഉണ്ട്. സിസിടിവി പരിശോധിച്ചാൽ വാഹനത്തെ പിന്തുടർന്നില്ലെന്ന് തിരിച്ചറിയാനാകും.
യദുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തത് എന്തെന്ന് അറിയില്ല. സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങളോടുള്ള മേയറുടെ പ്രതികരണം. അതേസമയം, സംഭവത്തിൽ ഡിടിഒയ്ക്ക് മുന്നിൽ ഹാജരായതിന് ശേഷം ഡ്യൂട്ടിക്ക് ഹാജരായാൽ മതിയെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദുവിന് നിർദേശം നൽകിയിട്ടുണ്ട്.
ഡ്രൈവർ യദുവിനെതിരെ, സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയതിന് മുൻപും കേസുണ്ട്. 2017ൽ യുവതിയ്‌ക്ക് നേരെ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചുവെന്നും 2022ൽ സ്വകാര്യ വാഹനം കെഎസ്ആർടിസിയിൽ കൊണ്ടിടിച്ചുവെന്നും യദുവിന്‍റെ പേരില്‍ കേസുണ്ടെന്നാണ് വിവരം.