തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ പുരോഗതിയിൽ കോടതി തൃപ്‌തി രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് തൃപ്‌തികരമെന്ന് യദുവിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് കേസ് പരിഗണിച്ചത്.
മേയർക്കെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 30ന് വിധി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പറയും. കേസിൻ്റ മേൽനോട്ടം കോടതി നിർവഹിക്കണം. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന് കാണിച്ച് യദു കോടതിൽ നൽകിയ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ടിൽ വിശദമായ വാദം കേട്ട ശേഷം കോടതിയും തൃപ്‌തി പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റിപ്പോർട്ടിൽ പറയുന്നത്:
- കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു
- കൃത്യ സ്ഥല മഹസർ, വാഹനം കണ്ടെഴുതിയ മഹസർ എന്നിവ തയ്യാറാക്കിയിട്ടുണ്ട്
- സംഭവസമയം ഈ ബസിൽ യാത്രക്കാരായിരുന്ന രണ്ട് പേരുടെ മൊാഴി എടുത്തു
- കൃത്യം നേരിൽ കണ്ട മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴി എടുത്തു
- കെഎസ്ആർടിസി ബസിൻ്റെ ട്രിപ്പ് ഷീറ്റ് പരിശോധിച്ചു
- വെഹിക്കിൾ ലോഗ് ഷീറ്റ് പരിശോധിച്ചു
- യദുവിൻ്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് പരിശോധിച്ചു
- സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
എല്ലാ രേഖകളും ശേഖരിച്ച് അന്വേഷണം തൃപ്‌തികരമാണെന്നും ശരിയായ ദിശയിലാണെന്നും പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നാരോപിച്ച് പ്രോസിക്യൂഷൻ ആദ്യം ഫയൽ ചെയ്‌ത ഹർജി കോടതി തള്ളി കളഞ്ഞുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മാത്രമല്ല യദുവിനെതിരെ നേമം, പേരൂർക്കട, തമ്പാനൂർ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ മൂന്ന് കേസുകൾ ഉണ്ട്. ഇതിൽ നേമത്ത് കേസ് സ്ത്രീയെ ഉപദ്രവിച്ച കേസാണ് എന്നും പ്രോസിക്യൂഷൻ വാധിച്ചു.
ഹർജി നൽകിയ ശേഷമുള്ള 12 ദിവസം കൊണ്ട് പൊലീസ് ഇത്രയും അന്വേഷിച്ചു എങ്കിൽ ഈ അന്വേഷണത്തിൽ പൂർണ തൃപ്‌തിയുണ്ടെന്ന് യദുവിൻ്റെ അഭിഭാഷകൻ മറുപടി നൽകി. കേസിൽ വാദം പരിഗണിക്കുന്ന സമയത്ത് ഏതെങ്കിലും കാര്യങ്ങളില്‍ സംശയം ഉണ്ടെങ്കിൽ ഇക്കാര്യം പരിഹരിക്കാൻ കേസ് ഈ മാസം 29 ന് പരിഗണിച്ച് 30 ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി.
ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് കെഎം, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്‍റെ ഭാര്യ ആര്യ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞ് വച്ചു, ബസിനുളളിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10 മണിയോടുപ്പിച്ചാണ് പാളയം സാഫല്യം കോംപ്‌ളക്‌സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടായത്. മേയറെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുളള ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ പരാതി. മേയറുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് ആദ്യം പരാതി നല്‍കിയ ഡ്രൈവറുടെ പരാതിയില്‍ കേസ് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്.