കോഴിക്കോട്: ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവിയിൽ നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള യുഡിഎഫിന്‍റെ തീരുമാനം തികച്ചും ഖേദകരമാണെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ സി വാസന്തി. തനിക്കെതിരെ ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങളെല്ലാം യാതൊരുവിധ കഴമ്പും ഇല്ലാത്തതാണ്. പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ മത്സരരംഗത്തേക്ക് പോലും ഇറങ്ങിയതെന്ന് അവർ വ്യക്‌തമാക്കി.
താത്തൂർ പൊയിൽ വാർഡിൽ സ്ഥാനാർഥിയായി കണ്ടിരുന്ന കെ അനിൽകുമാർ മരിച്ച ശേഷം ഈ വാർഡിൽ താൻ മത്സരിക്കണമെന്ന പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് മത്സര രംഗത്തേക്ക് പോലും ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മാവൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനാർഥിയാണ് താനെന്ന പ്രചരണമാണ് പാർട്ടിയും പ്രവർത്തകരും വാർഡിലാകെ നടത്തിയത്.
മുസ്‌ലിം ലീഗിന്‍റെയും ആർഎംപിഐയുടെയും പ്രസിഡന്‍റ് പദവിയുടെ കാലാവധി കഴിഞ്ഞ ശേഷം തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്ന സമയത്ത് പോലും ആറുമാസത്തേക്കാണ് തനിക്ക് കാലാവധി ഉള്ളതെന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. കൂടാതെ ഇപ്പോൾ ചില കോൺഗ്രസ് നേതൃത്വം നാട്ടിൽ പ്രചരിപ്പിക്കുന്ന വിധത്തിലുള്ള യാതൊരു എഗ്രിമെൻ്റും താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്നും കെസി വാസന്തി പറഞ്ഞു.
19 വർഷത്തോളം മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ അംഗം എന്ന നിലയിലും വൈസ് പ്രസിഡന്‍റ് , വികസന സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിലും പ്രവർത്തിച്ച് പരിചയമുള്ള പാരമ്പരാഗത കോൺഗ്രസ് കുടുംബത്തില്‍ നിന്നുവരുന്ന തനിക്ക് പദവിയില്ലെങ്കിലും പ്രവർത്തിക്കാൻ അറിയാമെന്നും കെസി വാസന്തി വ്യക്തമാക്കി. കൂടാതെ യാതൊരുവിധ കളങ്കമോ അഴിമതിയോ തന്‍റെ പ്രവർത്തന കാലഘട്ടത്തിൽ ഉണ്ടായിട്ടില്ലെന്നും ഇനിയുള്ള കാലം ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ALSO READ : രാജിവയ്‌ക്കാത്ത കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് അവിശ്വാസ പ്രമേയം