എറണാകുളം : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്‌ച (ജൂണ്‍ 3) കോടതി പരിഗണിക്കും.
താന്‍ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവെന്നും അത് റദ്ദാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് പരാതി തള്ളാനാവില്ല. പരാതി വീണ്ടും പുതിയതായി പരിഗണിക്കാന്‍ ഉത്തരവിടണമെന്നും എംഎല്‍എ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍ എക്‌സാലോജിക് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മെയ് 6നാണ് കോടതി തള്ളിയത്. എംഎല്‍എയുടെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ തക്ക തെളിവുകളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ഇതിനെതിരെയാണ് എംഎല്‍എ വീണ്ടും കോടതിയെ സമീപിച്ചത്.
Also Read: മാസപ്പടിക്കേസ്; വിധി നിരാശജനകവും അപ്രതീക്ഷിതവും, മേൽകോടതിയിൽ അപ്പീൽ പോകുമെന്ന് മാത്യു കുഴൽനാടൻ