തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സിഎംആര്‍എല്‍ന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്‌തു എന്ന് കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ആവശ്യമായ ഒന്നും ഹര്‍ജിക്കാരന് നല്‍കാന്‍ ആയില്ല.
വ്യാഴാഴ്‌ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എം വി രാജകുമാര ഹര്‍ജി വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് മാറ്റി.
തോട്ടപ്പളളി സ്‌പില്‍ വേയില്‍ നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ജില്ലാ കളക്‌ടറുടെ കത്തും കെഎംഇആര്‍ എല്ലിന്‍റെ പക്കലുളള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തളളിയതിനെതിരെ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിശദ പരിശോധന നിര്‍ദ്ദേശിച്ചുളള സര്‍ക്കാര്‍ കുറിപ്പ് ഇവയാണ് മാത്യു കുഴല്‍നാടന്‍ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ വീണ്ടും സിഎംആര്‍എല്ലിന്‍റെ അപേക്ഷ തളളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി.
സിഎംആര്‍എല്ലിന്‍റെ അപേക്ഷ സര്‍ക്കാര്‍ വീണ്ടും തളളിയ സ്ഥിതിക്ക് എന്ത് സഹായമാണ് മുഖ്യമന്ത്രി ഇടപെട്ട് സിഎംആര്‍എല്ലിന് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ല. ഹര്‍ജിയിലെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരകമാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നുമുളള മുന്‍ നിലപാട് വിജിലന്‍സ് ആവര്‍ത്തിക്കുകയും ചെയ്‌തു.
കര്‍ത്തയുടെ കമ്പനിയായ സിഎംആര്‍എല്ലിന്‍റെ സഹോദര സ്ഥാപനമായ കെഎംഇആര്‍എല്ലിന്‍റെ പക്കല്‍ ഉളള അധിക ഭൂമിയില്‍ ഖനനത്തിന് ഇളവ് അനുവദിക്കണമെന്ന കര്‍ത്തയുടെ അപേക്ഷ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ നല്‍കിയിരുന്നു. സര്‍ക്കാരിനോ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനത്തിനോ മാത്രമേ ഖനനാനുമതി നല്‍കാവൂ എന്ന ശക്തമായ കേന്ദ്ര നിയമത്തെ തുടര്‍ന്ന് കര്‍ത്തയുടെ അപേക്ഷ പല തവണ തളളിയിരുന്നു. പിണറായി മുഖ്യമന്ത്രി ആയ ശേഷം എത്തിയ അപേക്ഷ പരിഗണിച്ച് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിങ്ങിന് ഇനി മണിക്കൂറുകള്‍; സര്‍വസജ്ജമെന്ന് കേന്ദ്ര തെര കമ്മീഷൻ
അപേക്ഷ പരിശോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി കര്‍ത്തയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് മാത്രം നിര്‍ദ്ദേശിച്ച് അപേക്ഷ തളളി. ഇതിനെതിരെ കര്‍ത്ത ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് ആരോപിച്ച് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും കര്‍ത്തയുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. വീണ്ടും അപേക്ഷ പരിഗണിച്ച റവന്യു വകുപ്പ് കാര്യ കാരണങ്ങള്‍ വ്യക്തമാക്കി കര്‍ത്തയുടെ അപേക്ഷ നിരസിച്ചു. നിലവിലെ പ്രോജക്റ്റ് അനുയോജ്യമല്ലെന്നും പുതിയ പ്രോജക്റ്റുമായി വന്നാല്‍ പരിഗണിക്കാമെന്നുമുളള ഉത്തരവിലെ പരാമര്‍ശത്തിന്‍റെ ചുവട് പിടിച്ചാണ് കര്‍ത്തയ്ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന വാദം ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് കുമാര്‍ ആര്‍ എല്‍ ഹാജരായി.