കൊല്ലം: മാതാ അമൃതാനന്ദമയീദേവിയുടെ എഴുപത്തി ഒന്നാമത് ജന്മദിനം നാളെ. ജന്മദിനത്തിൽ ഉരുൾപൊട്ടലിൽ ദുരിതത്തിലായ വയനാടിനെ കൈപിടിച്ച് ഉയർത്താനുള്ള പദ്ധതികൾക്കാണ് മാതാ അമൃതാനന്ദമയി മഠം മുൻഗണന നൽകുന്നതെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വയനാടിനായി അമൃതാനന്ദമയി മഠം 15 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ദുരന്തത്തിലെ അതിജീവിതർക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളിൽ പ്രകൃതിദുരന്തത്തിൻ്റെ വ്യാപ്‌തി ഭാവിയിൽ കുറയ്ക്കാൻ ഉതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമൃത സർവകലാശാലയുടെ സഹായത്തോടെ വയനാടിൻ്റെ പരിസ്ഥിതി ലോല മേഖലകളിൽ ജനങ്ങൾക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രീയ സംവിധാനം സ്ഥാപിക്കും. കേരള സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംവിധാനം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിക്കും. ദുരന്തം ഉൾപ്പടെയുള്ള ഏത് സാഹചര്യങ്ങളോടും അമ്മയുടെ സമീപനം കാരുണ്യം നിറഞ്ഞതാണെന്ന് പദ്ധതികളെപ്പറ്റി വിശദീകരിച്ചുകൊണ്ട് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കേരളത്തിൻ്റെ സമീപകാല ചരിത്രത്തിൽ കണ്ടതിൽ വെച്ച് ഏറ്റവുമധികം ദുരിതം വിതച്ച ഉരുൾപൊട്ടൽ ആണ് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല എന്നിവിടങ്ങളിൽ സംഭവിച്ചത്. കേരളം കണ്ട ഈ മഹാദുരന്തത്തിൽ 400 പേർക്ക് ജീവൻ നഷ്‌ടമാകുകയും 397 പേർക്ക് പരുക്കേൽക്കുകയും 118 പേരെ കാണാതാവുകയും ചെയ്‌തു. വയനാടിൻ്റെ ഈ കറുത്ത നാളുകൾക്ക് സമാനമായി ഇനി മനുഷ്യ ജീവനുകൾ പൊലിയാതിരിക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് മാതാ അമൃതാനന്ദമയി മഠം വിശ്വസിക്കുന്നത്.
ആത്മീയതയുടെയും ജീവിതത്തിൻ്റെയും ആദ്യത്തെയും അവസാനത്തെയും ചുവട് കാരുണ്യമാണെന്ന അമ്മയുടെ സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ദുരന്ത ബാധിതരുടെ അതിജീവനത്തിന് 15 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതിനൊപ്പം പ്രയാസങ്ങളെ അതിവേഗം മറികടക്കാൻ വയനാട്ടിലെ ജനതയ്ക്ക് സാധിക്കട്ടെ എന്ന അമ്മയുടെ വാക്കുകളും സ്വാമി അമൃതസ്വരൂപാനന്ദപുരി പങ്കുവെച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന് പുറമെ അതിജീവിതരുടെ പുനരധിവാസത്തിന് ആവശ്യമായ മറ്റ് പ്രവർത്തനങ്ങൾക്കുകൂടി 15 കോടി രൂപയുടെ ധനസഹായം ഉതകുമെന്ന് അദ്ദേഹം പ്രാത്യാശ പ്രകടിപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ കേരള സർക്കാരിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി അമൃതസ്വരൂപാനന്ദ പുരി കൂട്ടിച്ചേർത്തു.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് പിന്നാലെ ഉരുൾപൊട്ടലിൻ്റെ വ്യാപ്‌തിയും ആഘാതവും പരിശോധിക്കാൻ അമൃത സർവകലാശാല ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്‌ധ സംഘം മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. സാഹചര്യത്തെ സൂക്ഷ്‌മമായി അവലോകനം ചെയ്‌ത സംഘം തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ കൂടുതൽ മേഖലകളിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് മനസിലാക്കി.
ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഉരുൾപൊട്ടൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കാൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചത്. ഇതുവഴി ദുരന്ത സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതൽ കൃത്യത ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കും.
കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം സിക്കിമിലും വടക്ക് കിഴക്കൻ ഹിമാലയ പർവത മേഖലകളിലും പശ്ചിമ ഘട്ടത്തിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെൻ്റർ ഫോർ വയർലെസ് നെറ്റ്‌വർക്‌സ് ആൻഡ് ആപ്ലിക്കേഷൻ ഡയറക്‌ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി രമേഷ് പറഞ്ഞു. ഉരുൾപൊട്ടൽ മുൻകൂട്ടി കണ്ടെത്താൻ സാധിച്ചതുവഴി നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.
മൂന്നാറിൽ 2009 ൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനമായ അമൃത ലാൻഡ്സ്ലൈഡ് ഏർളി വാണിങ് സിസ്റ്റം സമയോചിതമായി മുന്നറിയിപ്പ് നൽകിയതിനാൽ രണ്ടാഴ്ച മുമ്പ് മൂന്നാറിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും നിരവധി പേരെ മുൻകൂട്ടി രക്ഷപ്പെടുത്താൻ സാധിച്ചതായും ഡോ. മനീഷ. വയനാട്ടിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ നിർദ്ദേശം നൽകിയ അമ്മയ്ക്കും മഠത്തിനും നന്ദി അറിയിക്കുന്നതായി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ വിദഗ്ദ സംഘാംഗം കൂടിയായ ഡോ. മനീഷ വി രമേഷ് കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടൽ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്ന ലോകത്തെ ആദ്യ വയർലെസ് സെൻസർ നെറ്റ്‌വർക്ക് ആണ് അമൃത സർവകലാശാലയുടെ ദുരന്ത നിവാരണ ഗവേഷക ശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിൻ്റെ തന്നെ നിർമ്മിത ബുദ്ധി സന്നിവേശിപ്പിച്ച പതിപ്പാണ് മൂന്നാറിൽ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ അഭ്യർത്ഥന പ്രകാരം സിക്കിമിലും വടക്ക് കിഴക്കൻ ഹിമാലയ പർവത മേഖലകളിലും സമാന സംവിധാനം അമൃത സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഇത്തരം ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഒഡീഷ കർണാടക സംസ്ഥാനങ്ങളുമായും അമൃത ധാരണാപത്രത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.
2017 മുതൽ ഇൻ്റർനാഷണൽ കൺസോർഷ്യം ഓൺ ലാൻഡ്‌സ്‌ലൈഡ് (ICL) ഉരുൾപൊട്ടൽ പ്രതിരോധത്തിനായുള്ള ഗവേഷണങ്ങളുടെ ലക്ഷ്യപ്രാപ്‌തി കണക്കിലെടുത്ത് അമൃതയെ ഉരുൾപൊട്ടൽ ചെറുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാ അമൃതാനന്ദമയി മഠം ദുരന്തബാധിതരുടെ ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിവയ്ക്കായുള്ള ശ്രമങ്ങൾ തുടരുകയാണ്.
2001 മുതൽ ഇന്ത്യയിലുടനീളം സംഭവിക്കുന്ന, മാനവരാശിക്ക് വിനാശകരമായ പ്രകൃതി ദുരന്തങ്ങളിൽ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇതുവരെ അമ്മ 700 കോടിയിലധികം രൂപ നീക്കിവച്ചിട്ടുണ്ട്.