തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്(Kerala Finance Minister Response On Niti Aayog CEO). സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയിരിക്കുന്നത്.
ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് കേന്ദ്ര ആസൂത്രണ കമീഷന് പകരമായി നിയോഗിച്ച നീതി ആയോഗിന്‍റെ സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനു പകരം അത് 32 ശതമാനമായി കുറയ്‌ക്കണമെന്ന് നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്.
പിന്നീട് സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്‍റെ 28 ശതമാനം വരെയാണ് സെസും സർചാർജും വർധിപ്പിച്ചത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്‍റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്‌പാ അനുമതിയിലും വലിയ വെട്ടിക്കുറവ് വരുത്തുന്നു. കേന്ദ്ര സർക്കാരിന്‍റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്‍റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.