കോഴിക്കാേട് : ജില്ലയിൽ പ്ലാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ആനക്കുഴിക്കര പുവാട്ടുപറമ്പിനും കുറ്റിക്കാട്ടൂരിനുമിടയിൽ പാറയിൽ സ്‌റ്റോപ്പിനടുത്തുള്ള പ്ലാസ്‌റ്റിക് ഗോഡൗണിലാണ് വൻ അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്.
തീ കത്തുന്ന സമയത്ത് നിരവധി തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ട് തൊഴിലാളികൾ ഓടിമാറിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഗോഡൗണില്‍ തീ പടര്‍ന്നുപിടിച്ചതിന് പിന്നാലെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിമാട്‌കുന്നില്‍ നിന്നുമാണ് ആദ്യം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിയന്ത്രിക്കാൻ സാധിച്ചില്ല. പിന്നാലെ മീഞ്ചന്ത, ബീച്ച് തുടങ്ങിയ ഫയർ സ്‌റ്റേഷനുകളിൽ നിന്നും കൂടുതല്‍ യൂണിറ്റുകൾ എത്തിച്ചിരുന്നു. എന്നാൽ, പ്ലാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ ടൺ കണക്കിന് മാലിന്യം ഉള്ളത് തീ അണയ്ക്കുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
കൂട്ടിയിട്ട പ്ലാസ്‌റ്റിക്കുകളുടെ അടിഭാഗത്താണ് ആദ്യം തീ പിടിച്ചത്. അതുകൊണ്ടുതന്നെ തീ അണയ്‌ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രയത്‌നമാണ്. ഈ ഭാഗത്ത് നിരവധി ചെറുകിട സംരംഭങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമെല്ലാമുണ്ട്. അവയ്‌ക്കെല്ലാം വലിയ ഭീഷണിയാണ് അഗ്നിബാധ ഉണ്ടാക്കുന്നത്.
മാസങ്ങൾക്ക് മുമ്പും ഇതേ സ്ഥാപനത്തിൽ വലിയ തീപിടിത്തം ഉണ്ടായിരുന്നു. ഇവിടെ ശേഖരിച്ച പ്ലാസ്‌റ്റിക്കുകൾ മുഴുവൻ അന്നും കത്തിനശിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പുറമേ പ്ലാസ്‌റ്റിന്‍റെ രൂക്ഷഗന്ധവും പുകയും ഉയരാൻ തുടങ്ങിയതോടെ പരിസരത്തെ വീടുകളിൽ ഉള്ളവർ വലിയ പ്രയാസം നേരിടുന്നുണ്ട്.
നിലവിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്‌റ്റിക് നീക്കം ചെയ്‌ത് വെള്ളം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. രണ്ട് ലക്ഷം ലിറ്റർ വെള്ളം നിലവിൽ തീ അണയ്ക്കാൻ ഉപയോഗിച്ചെങ്കിലും ആളി പടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തുനിന്നും പ്രദേശത്തെ ജല സ്രോതസുകളിൽ നിന്നുമാണ് വെള്ളം എത്തിക്കുന്നത്. വൈകുന്നേരമായാലും തീ അണയ്‌ക്കുക എന്നത് പ്രയാസമാണെന്ന് അഗ്നിശമന സേന അറിയിച്ചു.