കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തിനെതിരെ വ്യാപക സൈബറാക്രമണം. സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്.
അന്ന് തെരച്ചിൽ സംബന്ധിച്ച് അമ്മ ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. 'വലിയ പ്രതീക്ഷയോടെയാണ് സൈന്യത്തെ കണ്ടത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. കോമാളി വേഷം കെട്ടിച്ച് ഡമ്മി കളിയാണ് നടക്കുന്നത്. നമ്മൾ അഫ്‌ഗാനിലാണോ ജീവിക്കുന്നത്. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല. വീഴാൻ സാധ്യതയുള്ള കുഴിയിലേക്ക് മണ്ണ് നീക്കി മൂടിയിട്ടു. പട്ടാളത്തെ അഭിമാനമായാണ് കരുതിയത്. അതിപ്പോൾ തെറ്റി'- ഇതായിരുന്നു അർജുന്‍റെ അമ്മ ഷീലയുടെ വാക്കുകള്‍. ഇതിനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
സൈബർ ആക്രമണത്തിനെതിരെ അർജുന്‍റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്ത സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്‌ത് മാറ്റിയാണ് പ്രചാരണം. ചില യൂട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു.
കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്. അർജുന്‍റെ അമ്മയുടെയും സഹോദരിയുടെയും ശബ്‌ദം എഡിറ്റ് ചെയ്‌ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. അതിനിടെ, രക്ഷാദൗത്യ സംഘത്തിന്‍റെ പ്രവർത്തനങ്ങളെ സമ്മർദത്തിലാക്കുന്ന രീതിയിൽ സ്വയം പ്രഖ്യാപിത ജീവൻ രക്ഷാപ്രവർത്തകരും മലയാള മാധ്യമ പ്രവർത്തകരും പ്രവർത്തിച്ചു എന്ന രീതിയിലും വ്യാപക വിമര്‍ശനം നടക്കുകയാണ്.
ഫേസ്‌ബുക്കിലെ ഒരു പോസ്റ്റ് ഇങ്ങനെ :
'അപകട ദിവസം തന്നെ വാഹനം വെള്ളത്തിൽ ഉണ്ടാകും എന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതാണ്. അഞ്ച് ദിവസങ്ങൾക്ക് ശേഷം രംഗത്ത് ഇറങ്ങിയ സൈന്യവും അത് തന്നെ പറഞ്ഞു. പക്ഷെ കേരള മാപ്രകളും, കേരളത്തിൽ നിന്നുള്ള സ്വയം പ്രഖ്യാപിത ജീവൻ രക്ഷാപ്രവർത്തകരും സമ്മതിച്ചില്ല. അപകടത്തിൽ പെട്ട ആളിന്‍റെ കുടുബം ആകട്ടെ ഈ സമയം രാഷ്ട്രീയ മുതലലെടുപ്പിനും, ഇന്ത്യൻ സൈന്യത്തോടുള്ള വിദ്വേഷ പ്രചരണം നടത്താനുമാണ് കൂടുതലും ശ്രമിച്ചത്.
കുന്നിലോ ദേശീയപാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തോ ലോറി ഇല്ല എന്ന നിലപാടാണ് കർണാടക തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നിന്നെത്തിയ സ്വയം പ്രഖ്യാപിത ജീവൻ രക്ഷാപ്രവർത്തകർ അടക്കം ദേശീയപാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ ലോറി ഉണ്ടെന്ന് ഉറച്ചുനിന്നു. ഇത്തരം നീക്കം കർണാടക സർക്കാരിനെയും രക്ഷാപ്രവർത്തകരെയും സമ്മർദത്തിലാക്കി. പുഴയിലേക്കുള്ള അന്വേഷണം വൈകിയതിനുള്ള പല കാരണങ്ങളിലൊന്ന് ഇതുകൂടിയാണ്.
രക്ഷപ്രവർത്തനം അല്ലെങ്കിൽ തെരച്ചിൽ ഇത്രയും വൈകിപ്പിച്ചതിൽ കേരള മാപ്രകൾക്കും, വണ്ടിയുടെ ഉടമയ്ക്കും, സ്വയം പ്രഖ്യാപിത ജീവൻ രക്ഷാപ്രവർത്തകർക്കും പങ്കുണ്ട്. ഇനിയെങ്കിലും കേരളത്തിൽ നിന്നുള്ള മാപ്രകളെ ഒരു കാര്യത്തിലും അടുപ്പിക്കാതിരിക്കുക. സ്വയം പ്രഖ്യാപിത, ജീവൻ രക്ഷകരെന്ന് പറയുന്നവനെയൊക്കെ ഇതുപോലുള്ള അപകട സ്ഥലങ്ങളുടെ പരിസരത്ത് പോലും കയറ്റരുത്. രക്ഷാപ്രവർത്തനം അല്ലെങ്കിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യം ഉള്ള ഏജൻസികൾ, പ്രൊഫഷണൽ പരിശീലനം നേടിയവരെ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുക. സംഭവസ്ഥലത്തിന്‍റെ 5 കിലോമീറ്റർ അകലെ എങ്കിലും വെച്ച് മാപ്രകളെ തടയുക. വ്യാജ വാർത്ത കൊടുത്താൽ തൂക്കി എടുത്ത് അകത്തിടുക.
ഈ ദുരന്തം നേരിടുന്നതിൽ വലിയ വീഴ്‌ച ഉണ്ടായിട്ടുണ്ട്. ഇനി ഇത് ആവർത്തിച്ചുകൂടാ. ഉണ്ടായ വീഴ്‌ചകൾ മനസിലാക്കി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു ദേശീയ നയം തന്നെ നിയമം ആക്കി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.'
Also Read : പ്രതീക്ഷയോടെ പത്താം നാൾ: വെല്ലുവിളിയായി മഴ; സജ്ജമായി ദൗത്യസംഘം - ARJUN RESCUE OPERATIONS