ഇടുക്കി: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് അടിമാലിയിലെ മറിയക്കുട്ടി. ബജറ്റില്‍ പെന്‍ഷന്‍കാര്‍ക്ക് പരിഗണന നല്‍കിയില്ലെന്നും മറിയക്കുട്ടി പറഞ്ഞു. പെന്‍ഷന്‍ തുക 2000 രൂപയാക്കി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇത്തവണത്തെ ബജറ്റിലും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ക്ഷേമ പെൻഷൻ വര്‍ധിപ്പിക്കാത്തത് ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ്.
നിര്‍ധനരായ രോഗികളെ സര്‍ക്കാര്‍ ഏറ്റെടുത്ത് ചികിത്സ നല്‍കണം. കിടപ്പിലായ രോഗികള്‍ എന്ത് ചെയ്യുമെന്നും മറിയക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഇനിയും പിണറായിയെ ജയിപ്പിച്ച് വിടരുതെന്നും നാട് കുട്ടിച്ചോറാക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാഞ്ഞിട്ടല്ല. പണം കിട്ടിയാലും അത് ആര്‍ക്കെങ്കിലും നല്‍കുമോയെന്നും മറിയക്കുട്ടി ചോദിച്ചു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിറങ്ങിയ മറിയക്കുട്ടിയുടെ പ്രതിഷേധം ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ലെന്നാണ് ഇന്നലെ (ഫെബ്രുവരി 5) അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്.
സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന 1600 രൂപ ക്ഷേമ പെൻഷൻ ഉയര്‍ത്തില്ലെന്നാണ് മന്ത്രി പറഞ്ഞത്. കുടിശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൊടുത്തു തീര്‍ക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവില്‍ കുടിശിക.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക നോക്കി പകരം സംവിധാനം കൊണ്ടുവരും. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കുടിശിക ഏപ്രിലില്‍ നല്‍കും. 2013 ല്‍ യുഡിഎഫ് സർക്കാറാണ് സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്.
പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്‌ദാനത്തില്‍ നിന്നും ഇതുവരെ ഇടത് സർക്കാർ ഒളിച്ചോടി. പഠനത്തിനായി വച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത് സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ നവംബറില്‍ മാത്രം.
പങ്കാളിത്ത പെൻഷൻ മാറ്റത്തിനൊപ്പം ജീവനക്കാർക്കുള്ള മറ്റൊരാശ്വാസ പ്രഖ്യാപനമാണ് ഒരു ഗഡു ഡിഎ കുടിശിക വിതരണം. ആറുമാസത്തെ ക്ഷാമബത്ത കുടിശികയില്‍ ഒരു ഗഡുവാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം നല്‍കുക. ക്ഷേമ പെൻഷൻ കൂട്ടി 2500 ആക്കുമെന്ന് വാഗ്‌ദാനത്തില്‍ നിന്നും സർക്കാർ പിൻവാങ്ങുന്നു.
ആറുമാസത്തെ കുടിശികയാണ് ക്ഷേമ പെൻഷനില്‍ നിലനിൽക്കുന്നത്. രണ്ട് മാസ കുടിശികയെങ്കിലും നല്‍കുമെന്ന സൂചനയുണ്ടായെങ്കിലും അതും നടന്നില്ല. ഒരു മാസം പെൻഷൻ നല്‍കാൻ 900 കോടിയാണ് വേണ്ടത്.