ഇടുക്കി : കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ വൈകിയാൽ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ 21-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടിക്കടി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസഹായാവസ്ഥയും പരിഗണിച്ച് തമിഴ്‌നാടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് സുഭിക്ഷതയും എന്ന നിലപാട് നടപ്പിലാക്കുവാനും അധികാരികൾ പരിശ്രമിക്കണം. മനുഷ്യനിർമിത ദുരന്തഭൂമിയായി കേരളം മാറാതിരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.