ആലപ്പുഴ: മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.
അറസ്റ്റിലായ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്കാണ് കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്‍റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അതേസമയം, കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നൂ എന്ന വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കൂ. ഇസ്രയേലിൽ ഉള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസിൽ നാല് പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ.
അനിൽ ആണ് ഒന്നാം പ്രതി. അനിലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.