പത്തനംതിട്ട: അടൂരിലെ 110 കെവി വൈദ്യുതി ലൈനിന്‍റെ ട്രാന്‍സ്‌മിഷന്‍ ടവറില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. പറക്കോട് സ്വദേശിയായ രതീഷ് ദിവാകരനാണ് (39) ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ (ഫെബ്രുവരി 23) രാത്രി ഒമ്പതരയോടെയാണ് സംഭവം.
കൈയില്‍ പെട്രോളുമായാണ് യുവാവ് ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ടവറില്‍ മുപ്പത് മീറ്ററോളം ഉയരത്തില്‍ കയറിയാണ് യുവാവ് ഭീഷണി മുഴക്കിയത്. വിവരം അറിഞ്ഞ് അടൂര്‍ പൊലീസും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.
ടവറിലേക്ക് കയറിച്ചെന്നുള്ള രക്ഷാപ്രവര്‍ത്തനം പ്രയാസമായത് കൊണ്ട് തന്നെ മണിക്കൂറുകളോളം സംസാരിച്ചാണ് യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചത്. ഏറെ നേരം താഴെയിറങ്ങാന്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ് സംഘം ആവശ്യപ്പെട്ടതോടെ താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ താഴെയെത്തിച്ചാല്‍ താന്‍ ഇറങ്ങാമെന്ന് പറഞ്ഞു. ഇതോടെ യുവാവ് ആവശ്യപ്പെട്ട പെണ്‍കുട്ടിയെ താഴെയെത്തിക്കുകയായിരുന്നു.
ഇതോടെ യുവാവ് താഴെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും 20 മീറ്ററോളം ഉയരത്തില്‍ ടവറില്‍ കുടുങ്ങി. തുടർന്ന് സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം ഫയർ ഫോഴ്‌സ് സേന അംഗങ്ങൾ ടവറിലേക്ക് കയറുകയും രതീഷിനെ അനുനയിപ്പിച്ച് താഴെയിറക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്ന് (ഫെബ്രുവരി 24) പുലര്‍ച്ചെയാണ് രതീഷിനെ താഴെയെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം മേഖലയില്‍ വൈദ്യുതി വിതരണം നിലച്ചു. സുരക്ഷിതമായി താഴെ ഇറക്കിയ ഇയാളെ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.