തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ മാലിന്യ വാഹിനിയായ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട തൊഴിലാളിക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ജോയിയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ഒഴുക്കില്‍പ്പെട്ടത്. തമ്പാനൂര്‍ റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന തോട്ടിന്‍റെ ഭാഗത്തെ മാലിന്യം നീക്കുന്നതിനിടെ കനത്തമഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്ന് ജോയി മാലിന്യക്കൂമ്പാരത്തിലേക്ക് അകപ്പെടുകയായിരുന്നു.
ഒപ്പമുള്ള തൊഴിലാളികള്‍ കയറെറിഞ്ഞു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഉടനടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സിന്‍റെ സ്‌കൂബാ ഡൈവിങ് ടീം വെള്ളത്തിലിറങ്ങി തെരച്ചില്‍ നടത്തുകയാണെങ്കിലും കുന്നുകൂടിയ മാലിന്യക്കൂമ്പാരം രക്ഷാപ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും ജൈവമാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന തോട്ടില്‍ അതീവ ദുഷ്‌കരമാണെങ്കിലും രക്ഷാപ്രവര്‍ത്തനവുമായി അഗ്നിരക്ഷാ സേന മുന്നോട്ടു പോകുകയാണ്.
തോട് കടന്നു പോകുന്ന റെയില്‍വേ സ്‌റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്കിലുള്ള ഗ്രില്ലുകള്‍ ഇളക്കിയുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ട് ബംഗാള്‍ സ്വദേശികളും ജോയി ഉള്‍പ്പെടെ രണ്ടു മലയാളികളുമാണ് മാലിന്യം നീക്കുന്ന പണിക്കായി രാവിലെ എത്തിയത്. വെള്ളമുയരുന്നതു കണ്ട് മറ്റ് മൂന്നു തൊഴിലാളികളും പെട്ടെന്ന് കരയ്ക്കുകയറിയെങ്കിലും ജോയി വെള്ളമുയരുന്നതു കാര്യമാക്കാതെ ജോലി തുടരുന്നതിനിടെ മാലിന്യക്കൂമ്പാരത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
മാലിന്യം നീക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും റെയില്‍വേയും തമ്മിലുള്ള തര്‍ക്കമാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ഇത്രയധികം മാലിന്യം കെട്ടിക്കിടക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പികെ രാജു, കൗണ്‍സിലര്‍മാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി എത്തിയിട്ടുണ്ട്.