കോഴിക്കോട്: കൂടത്തായിൽ വീടും, ഭാര്യ വീടും ആക്രമിച്ച യുവാവ് സ്വന്തം കാറിന് തീ കൊളുത്തി. താമരശ്ശേരി കരിങ്ങമണ്ണ താമസക്കാരനായ കൊടുവള്ളി ആരാമ്പ്രം പേരംകണ്ടി ഷമീറാണ് മയക്കുമരുന്ന് ലഹരിയിൽ അക്രമം നടത്തിയത്. ഇയാളുടെ വീട്ടിൽ വച്ച് ഭാര്യയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ തകർത്തിരുന്നു.
സംഭവം ഇങ്ങനെ, പളളിയിൽ നിന്നും ലഭിച്ച ഇറച്ചി വീട്ടിൽ എത്തിക്കാനായി ഭാര്യ സഹോദരൻ മുനീർ കരിങ്ങമണ്ണയിലുള്ള വീട്ടിലെത്തി. ഈ സമയം ടിപ്പർ ഡ്രൈവറായ പ്രതി മയക്കുമരുന്ന് ലഹരിയിൽ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയയെ മർദിക്കുകയും ചെയ്യുന്ന കാഴ്‌ചായാണ് കണ്ടത്. ഉടനെ നസീമയെ സഹോദരനായ മുനീർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊട്ടുപുറകെ കാറിൽ ഷമീർ പുറകെയെത്തി. പോകും വഴി സിപിഎം കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആന്‍റണിയുടേതുൾപ്പെടെ മൂന്നു വാഹനങ്ങളിൽ കാറിടിച്ചു. എന്നിട്ടും നിർത്താതെ ഭാര്യവീട്ടിലേക്ക് കാറോടിച്ചു. വീട്ടിൽ എത്തിയ ഉടനെ വീട്ടു സാധനങ്ങൾ വലിച്ചെറിയുകയും, വീട്ടുകാരെ ആക്രമിക്കുകയും ചെയ്‌തു. എന്നാൽ ആർക്കും കാര്യമായി പരുക്കേറ്റിട്ടില്ല.
തുടർന്ന് സമീപത്തു ഭാര്യ സഹോദരൻ്റെ വീടിനു മുന്നിൽ ഷമീർ നിർത്തിയിട്ട കാറിന് സ്വയം തീകൊളുത്തി. വീടിനും കേടുപാടു സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് ഷമീറിനെ വീടിൻ്റെ തൂണിൽ കെട്ടിയിടുകയായിരുന്നു. മുക്കം ഫയർഫോയ്‌സ് എത്തിയാണ് തീ അണച്ചത്. കോടഞ്ചേരി എസ് ഐ ആന്‍റണിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് ബന്ധുക്കളും, നാട്ടുകാരും പറഞ്ഞു. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിതിയിലെ അമ്പലമുക്കിൽ വച്ചാണ് ഷാജി ആൻ്റണിയുടെ കാറിൽ ഇടിച്ച് നിർത്താതെ പോയത്, ഉടനെ താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം നേരിട്ടു പോയി പരാതി അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും യഥാസമയം പൊലീസ് എത്തിയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
Also Read:കല്ലായിയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു; അഗ്നിക്കിരയായത് പുത്തൻ കാർ