തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ ശംഖുംമുഖം സ്വദേശി മുരുകനാണ് ആറു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഞ്ചാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി സിജു ഷെയ്ഖാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് മുരുകന് കോടതി ശിക്ഷ വിധിച്ചത്. 2014 നവംബർ 17നാണ് കേസിനാസ്‌പദമായ സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ പള്ളിത്തുറ സ്റ്റേഷൻ കടവ് സ്വദേശിയായ അബൂബക്കറിന്‍റെ മകൻ സലീമാണ് ആക്രമണത്തിന് ഇരയായത്. സവാരി പോവാൻ വിളിച്ചപ്പോള്‍ പോകാതിരുന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
ആക്രമണത്തില്‍ സലീമിന്‍റെ നെഞ്ചിലും വയറിലും പരിക്കേറ്റിരുന്നു. പേട്ട പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിഎസ് രാജേഷ്, അഡ്വ. ബിറ്റോ എഎസ് എന്നിവർ ഹാജരായി.
Also read: പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; 49 കാരന് മൂന്ന് വർഷം തടവ്