കാസർകോട് : കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), അമ്മ ലീന (90) എന്നിവരെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ആത്‌മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം (Man killed his mother and wife in Kanhangad).
ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വാടക ക്വാർട്ടേർസിലാണ് കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് മൂന്നു മക്കളുണ്ട്.
അടുത്തിടെയാണ് വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം നടന്നത്. കൊല്ലം സ്വദേശിയായ യുവാവാണ് ഈ മാസം വിവാഹിതയാകാനിരുന്ന കോന്നി സ്വദേശിയായ പെണ്‍ സുഹൃത്തിനെ സിംഗപ്പൂരിൽ വച്ച് കൊലപ്പെടുത്തിയത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.
കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ എന്‍ സലീമിന്‍റെ മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്‌ഷൻ തേജസില്‍ കെ വി ജോണിന്‍റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 നാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമിതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്‍റെ സത്‌കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന് ജോജി ആത്മഹത്യ ചെയ്‌തുവെന്നുമാണ് വിവരം.