പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി പിടികൂടി എക്‌സൈസ് സംഘം. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്‌ണനാണ് എക്‌സൈസ് പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്‌ണനും സിപിഎമ്മില്‍ ചേര്‍ന്നത്.
62 പേര്‍ ഇവര്‍ക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍റിലാക്കിയത്.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ കാപ്പാ കേസില്ല എന്നാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണ ജോര്‍ജ്ജ് പ്രതികരിച്ചത്. ശരണ്‍ ചന്ദ്രനടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌ത പരിപാടി ഉദ്ഘാടനം ചെയ്‌തതും മന്ത്രി ആയിരുന്നു.
ഇതിനിടെ യദു കൃഷ്‌ണനെ കഞ്ചാവ് കേസില്‍ എക്‌സൈസ് കുടുക്കിയതാണെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല യദു കൃഷ്‌ണനെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു പറഞ്ഞു. യുവമോർച്ച ബന്ധമുള്ള അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് യദു കൃഷ്‌ണനെ കുടുക്കിയതെന്നും സഞ്ജു ആരോപിച്ചു. സിപിഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എം വി സഞ്ജു പറഞ്ഞു.