മലപ്പുറം : ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് അസാധാരണമായ സംഭവം (Man eats cat in Malappuram). പട്ടിണി മൂലമാണ് താന്‍ പൂച്ചയെ ഭക്ഷിച്ചത് എന്നായിരുന്നു യുവാവിന്‍റെ മറുപടി. ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ട്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മാംസാവശിഷ്‌ടം യുവാവിന്‍റെ കയ്യില്‍ നിന്ന് പിടിച്ചെടുക്കുകയും ഭക്ഷണം വാങ്ങി നല്‍കുകയുമായിരുന്നു. ഇന്നലെ (ഫെബ്രുവരി 3) വൈകിട്ട് അഞ്ചുമണിയോടെയാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഈ സംഭവമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിന്‍റെ അടുത്തുചെന്നവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു.
ദുര്‍ഗന്ധം വമിച്ച് തുടങ്ങിയ പൂച്ചയുടെ ശരീര അവശിഷ്‌ടങ്ങളായിരുന്നു യുവാവ് ഭക്ഷിച്ചിരുന്നത് (youth killed and eats live cat). ആദ്യം ഒന്ന് പകച്ചെങ്കിലും നാട്ടുകാര്‍ ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വിവരം തെരക്കിയപ്പോള്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നായിരുന്നു യുവാവിന്‍റെ മറുപടി.
പിന്നാലെ പൊലീസ് ഇയാള്‍ക്ക് ഷവര്‍മയും പഴവും വാങ്ങി നല്‍കി. ഇത് കഴിച്ച ശേഷം യുവാവ് സ്ഥലത്ത് നിന്നും പോവുകയായിരുന്നു. യുവാവിനെ മുന്‍പ് നാട്ടില്‍ കണ്ടിട്ടില്ലെന്നും അന്യസംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ട്രെയിനില്‍ കുറ്റിപ്പുറത്തെത്തി ഇയാള്‍ ബസ് സ്റ്റാന്‍ഡിലേക്ക് വന്നതാണെന്ന് കരുതുന്നതായി വ്യാപാരികള്‍ പറയുന്നു.