കോഴിക്കോട്: വളർത്തു പോത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. മാവൂർ പനങ്ങോട് സ്വദേശി ഹസൈൻ (75) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പോത്തിനെ വയലിൽ തീറ്റിച്ച ശേഷം മടങ്ങി വരുന്നതിനിടെ വഴിയിൽ വച്ച് ആക്രമിക്കുകയായിരുന്നു.
പോത്തിനെ കൊണ്ടുവരുന്ന വഴിയിലുള്ള ചുമരിനോട് ചേർത്താണ് ഹസൈന് കുത്തേറ്റത്. നിരവധി തവണ പോത്ത് ശരീരത്തിൽ ആഞ്ഞു കുത്തി. ആക്രമണത്തിൽ ഹസൈന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ചേർന്നാണ് ഹസൈനെ പോത്തിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹസൈന്‍റെ മാവൂർ പനങ്കോട്ടെ വീട് കഴിഞ്ഞ മാസം ബാങ്ക് ജപ്‌തി ചെയ്‌തിരുന്നു. തുടർന്ന് സമീപത്തുള്ള മദ്രസയിൽ ആയിരുന്നു അസൈൻ താമസിച്ചിരുന്നത്. ഇയാളുടെ ആകെയുള്ള വരുമാനമാർഗം പോത്ത് ആയിരുന്നു. വീട്ടിൽ വളർത്തുന്ന പോത്ത് തന്നെ ജീവനെടുത്തത് നാടിനാകെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.
Also Read: തൃശൂരിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്