പത്തനംതിട്ട : കുളിമുറിയില്‍ ഒളികാമറ വച്ച് ദൃശ്യങ്ങള്‍ പകർത്തിയ യുവാവ് അറസ്റ്റില്‍. തിരുവല്ലയിൽ ആണ് സംഭവം. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്‌ട്രിക്കല്‍ പ്ലംബിങ് ജോലികള്‍ ചെയ്‌തു വരുന്നയാളാണ് പ്രതി.
പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയില്‍ പെൻ കാമറ വച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. പെൻ കാമറ നിലത്തു വീണതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോയി. രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞു വന്ന പ്രതിയെ പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ ബന്ധുവിന്‍റെ പൊലീസ് ക്വാർട്ടേഴ്‌സില്‍ നിന്നുമാണ് പിടികൂടിയത്.
അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വച്ചതിന് കഴിഞ്ഞ ഡിസംബർ 16 നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. വീട്ടുകാർ ബാത്ത്റൂമില്‍ പോകുന്ന സമയത്തിന് മുൻപ് കാമറ വച്ച്, വീട്ടുകാർ പുറത്തുപോകുമ്പോള്‍ ഇത് എടുത്തു കൊണ്ടുപോകാനുമായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയപ്പോൾ ബാത്ത്റൂമിന്‍റെ എയർ ഹോളില്‍ വച്ചിരുന്ന പെൻ കാമറ നിലത്തുവീണു.
പെൺകുട്ടി പെൻ കാമറ എടുത്തു നോക്കിയെങ്കിലും എന്താണെന്ന് മനസിലാകാതെ വീട്ടുകാരെ എൽപ്പിച്ചു. വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഒളി കാമറ ആണെന്ന് മനസിലായത്. വിശദമായ പരിശോധനയിൽ ഇതിൽ നിന്ന് മെമ്മറി കാർഡും ലഭിച്ചു. കാർഡ് പരിശോധിച്ചപ്പോള്‍ കുളിമുറി ദൃശ്യങ്ങള്‍ പകർത്തിയതായി കണ്ടെത്തി. തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തി വന്ന അന്വേഷണത്തിൽ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്‌സില്‍ നിന്നാണ് പ്രതി പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ സഹോദരീ ഭർത്താവിന്‍റെ ക്വാർട്ടേഴ്‌സിലാണ് ഒളിച്ചു താമസിച്ചു വന്നത്. പ്രതിയെ ഒളിവില്‍ കഴിയാൻ സഹായിച്ചതിന് സഹോദരിക്കും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരീ ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.