ആലപ്പുഴ: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ. നൂറനാട് പണയിൽ സ്വദേശി രഘു ആണ് അറസ്‌റ്റിലായത്. മാർച്ച് 20നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
രഘു പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇതേ തുടർന്ന് നൂറനാട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇരുവരും ബൈക്കിൽ പോയതായി മാത്രമാണ് പ്രാഥമിക വിവരം ലഭിച്ചത്. പിന്നീട് ഇരുവരും കൊല്ലം ജില്ലയിലെ അഞ്ചൽ, നിലമേൽ, കടയ്ക്കൽ എന്നീ ഭാഗങ്ങളിൽ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. അഞ്ചൽ മാവിള ഭാഗത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
തനിക്ക് 30 വയസുള്ളുവെന്നും അവിവാഹിതനാണെന്നും പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ. അടൂർ വരെ പോയി തിരിച്ചു വരാമെന്നും കൂടെ വന്നില്ലെങ്കിൽ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റിയത്. പിന്നീട് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാൾ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. വീട്ടിലേക്ക് ഫോൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
49 കാരനായ രഘു മൂന്ന് തവണ വിവാഹിതനാണ്. സംഭവ ദിവസം ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് ഇയാൾ 19 കാരിയെയും കൊണ്ട് നാടുവിട്ടത്. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പോക്‌സോ കേസിൽ പിടിക്കപ്പെടുമെന്നുളളതിനാൽ പെൺകുട്ടിയുമൊത്ത് കടന്നു കളഞ്ഞ ഇയാൾ അയൽ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. നൂറനാട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ അരുൺ കുമാർ പി എസ്, എസ്‌സിപിഒമാരായ സിനു വർഗീസ്, ഉണ്ണികൃഷ്‌ണ പിള്ള, മുഹമ്മദ് ഷഫീഖ്, പ്രവീൺ പി, അരുൺ ഭാസ്‌കർ , ബിജു രാജ് ആർ, പ്രസന്നകുമാരി എം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: പതിനാലുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം; സൈനികൻ അറസ്റ്റിൽ