തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട മരിച്ച നവീന്‍റെ കാറിൽ നിന്ന് അന്യഗ്രഹ ജീവികളുടെ ചിത്രങ്ങൾ, സ്‌ഫടികക്കല്ലുകൾ, കത്തികൾ, എന്നിവയാണ് കണ്ടെത്തിയത്.
നവീനോടൊപ്പം അരുണാചലിലെ ജിറോയിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ മൊബൈൽ, ലാപ്ടോപ്പ് എന്നിവ പരിശോധിച്ചതിലൂടെ നാളുകളായി ഇവർ അന്യഗ്രഹ സഞ്ചാരങ്ങൾ അടക്കമുള്ള വിചിത്ര വിശ്വാസങ്ങൾ പിന്തുടർന്നിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചിരുന്നു. ആര്യക്ക് മെസ്സേജ് അയച്ചിരുന്ന വ്യാജ പ്രൊഫൈൽ ആരുടേതെന്നറിയാൻ പൊലീസ് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തും. ആര്യയ്ക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് മെസ്സേജ് അയച്ചത് നവീനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഗൂഗിളിന്‍റെ മറുപടി ലഭിച്ച ശേഷമേ തുടർനീക്കങ്ങൾ ആരംഭിക്കൂ. മേയ് മൂന്നിനായിരുന്നു മലയാളി ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ്. മെയ് മാസത്തിൽ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. മാർച്ച് 26 നായിരുന്നു മൂവരും അരുണാചലിലേക്ക് പുറപ്പെട്ടത്.
27 -ന് ആര്യയുടെ പിതാവ് അനിൽകുമാർ ആര്യയെ കാണാനില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. അരുണാചൽ പ്രദേശിലെ ജിറോയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.