കോഴിക്കോട്: രാജസ്ഥാനിലെ അജ്‌മീരിൽ തെരുവിൽ അലഞ്ഞ് നടന്ന കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചൊരു മലയാളി. കുട്ടികളെ അറിവിന്‍റെ ലോകത്തേക്ക് കൈ പിടിച്ചു. സുരക്ഷിതമായ ഒരു ഭാവി ഒരുക്കി... കോഴിക്കോട്ടുകാരൻ അങ്ങനെ അജ്‌മീരുകാരുടെ പ്രിയപ്പെട്ടവനായി മാറിയതിന്‍റെ കഥ.
സെന്‍റ് ആൻസെലം സ്‌കൂളിലെ കണക്ക് അധ്യാപകനായാണ് സുനിൽ ജോസ് അജ്‌മീരിൽ എത്തുന്നത്. അവിടെ അപ്രതീക്ഷിതമായി കണ്ട ഒരു കാഴ്‌ചയാണ് സുനിലിനെ ചിന്തിപ്പിച്ചത്. 15 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബറിൽ സുനിൽ ജോസ് അജ്‌മീരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ചടങ്ങും ഭക്ഷണവും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പുറത്തൊരു ബഹളം. ചെന്ന് നോക്കിയപ്പോൾ കുറേ കുട്ടികൾ ഭക്ഷണാവശിഷ്‌ടങ്ങൾ പിടിച്ചെടുക്കാൻ പോരടിക്കുകയാണ്.
വിവാഹ ചടങ്ങിൽ പങ്കെടുത്തവർ കഴിച്ചതിന്‍റെ ബാക്കി കൊണ്ടിട്ട ബക്കറ്റിന് ചുറ്റും നിന്നാണ് ബഹളം. അത്യാവശ്യം കൊള്ളാവുന്നത് കിട്ടിയ കുട്ടി അതുമായി ദൂരേക്ക് ഓടുന്നു. ഓട്ടത്തിനിടയിൽ ഭക്ഷണം അകത്താക്കുന്നു. ഈ കാഴ്‌ച സുനിൽ ജോസിനെ വല്ലാതെ വേദനിപ്പിച്ചു.
അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ആ കുട്ടികൾക്ക് ഭക്ഷണവും അറിവും നൽകി തെരുവിൽ നിന്ന് രക്ഷിച്ചെടുക്കാൻ പല വഴികൾ ആലോചിച്ച് ഉറങ്ങാതെ കിടന്നു. അതിരാവിലെ എഴുന്നേറ്റ് ചേരിയിലേക്ക് പോയി. മദ്യം കഴിച്ച് പാതി മയക്കത്തിൽ കഴിയുന്ന മാതാപിതാക്കളെയും ഭക്ഷണം ലഭിക്കാതെ ശോഷിച്ച ശരീരവുമായി ഭിക്ഷാടനത്തിന് ഒരുങ്ങുന്ന കുട്ടികളെയുമാണ് അവിടെ കണ്ടത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച കൂരകളാണ് അവരുടെ വീട്.
പിന്നീടങ്ങോട്ട് ഇത്തരത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നഷ്‌ടപ്പെട്ട കുട്ടികൾക്ക് വേണ്ടിയായിരുന്നു സുനിലിന്‍റെ ജീവിതം. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി വസ്ത്രങ്ങളും ഭക്ഷണവും പുസ്‌തകവും നൽകി. 2014ൽ മൂന്നു കുട്ടികളുമായി തുടങ്ങിയ 'ഉഡാൻ സൊസൈറ്റി' എന്ന സ്ഥാപനത്തിൽ ഇന്നുള്ളത് 534 പേരാണ്. ഇവരെ ഒരു വർഷം ഉഡാനിൽ പഠിപ്പിച്ച ശേഷമാണ് സ്‌കൂളിലേക്ക് അയക്കുക. സ്‌കൂളിൽ എത്തിക്കാൻ എജുക്കേഷൻ ഓൺ എന്ന ബസുമുണ്ട്. ശേഷം രാത്രി വീണ്ടും ഉഡാനില്‍ എത്തിച്ച് പഠിപ്പിക്കും.
ഈ സൊസൈറ്റിയിൽ എത്തുന്ന കുഞ്ഞുങ്ങളാണ് ഇപ്പോൾ സുനിലിന്‍റെ ലോകം. സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ മാസം 3 ലക്ഷം രൂപയെങ്കിലും വേണം. തുടക്കത്തിൽ സ്വന്തം പണം ചെലവഴിച്ചായിരുന്നു പഠനം. ഇപ്പോൾ പലരും സഹായവുമായി എത്തുന്നുണ്ട്. കീം, നീറ്റ് തുടങ്ങിയ വിവിധ പരീക്ഷകളിൽ സുനിലിന്‍റെ വിദ്യാർഥികൾ മികച്ച വിജയം നേടി. 2016ൽ കുട്ടികൾ ഐഐടി പ്രവേശനം നേടിയതോടെ ഉഡാന്‍ ശ്രദ്ധ നേടി. ഒരു വർഷം ആയിരം കുട്ടികളെയെങ്കിലും പഠിപ്പിക്കണം എന്നാണ് ഇപ്പോൾ സുനിലിന്‍റെ ആഗ്രഹം.
കുട്ടികൾ ഇതിനകം വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടി. ഇപ്പോൾ 534 കുട്ടികൾ ഉഡാൻ സൊസൈറ്റി സ്‌കൂളിൽ പഠിക്കുന്നുണ്ട്. എല്ലാവർക്കും അറിവും ഭക്ഷണവും നൽകുന്നു. സുമനസുകളുടെ സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാര്യ ഷൈനി തോമസ്, മക്കളായ അനുപം ജോസ്, ഡോ.ശ്രേയ ജോസ് എന്നിവരുടെ പിന്തുണയുമുണ്ട്. സർവീസിൽ നിന്ന് വിരമിച്ചാലും അജ്‌മീരിൽ തന്നെ നിന്ന് ചേരിയിലെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുനിൽ ജോസ് പറഞ്ഞു.
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഡോ.സുനിൽ ജോസ് ഇത്തവണ നാട്ടിലെത്തിയത് തന്‍റെ വിദ്യാർഥിനിയായ മേഘ്ന ബഹർവ എന്ന കുട്ടി എംബിബിഎസ് പ്രവേശനം നേടിയതിന്‍റെ സന്തോഷവുമായാണ്. അജ്‌മീരിലെ ചേരിയിൽ ചേറു പുരണ്ട തെരുവുകളിൽ ഭിക്ഷാടനം നടത്തി കെട്ടടങ്ങിപ്പോകുമായിരുന്ന മേഘ്ന ബഹർവ മെഡിക്കൽ കോളജിന്‍റെ പടി കയറുമ്പോൾ ഏറെ അഭിമാനമെന്ന് സുനിൽ ജോസ്.
Also Read: കുഞ്ഞെഴുത്തുകാരുടെ വലിയ വിദ്യാലയം ; പുസ്‌തകങ്ങള്‍ മുഴുവന്‍ ലൈബ്രറിക്ക്