കൊല്ലം : മലനടക്കുന്നും മുരവുകണ്ടമായ വെൺകുളം വയലും നിറഞ്ഞു നിന്ന പതിനായിരങ്ങൾക്ക് ആനന്ദക്കാഴ്‌ചയൊരുക്കി പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച നടന്നു. മനക്കരുത്തിനൊപ്പം മെയ്ക്കരുത്തും സമ്മേളിച്ചപ്പോൾ കൂറ്റൻ നെടുംകുതിരകൾ തോളിലേറി മലകയറി വിസ്‌മയം തീർത്തു.
ഉച്ചമുതൽ എല്ലാ വഴികളും മലനടയിലേക്കായിരുന്നു. വൈകിട്ട് അഞ്ചോടെ കുതിര മൂട്ടിലെ പൂജകൾക്ക് ശേഷം കുതിരകളെ തോളിലേറ്റാൻ തുടങ്ങി. തെക്കും പടിഞ്ഞാറുമുള്ള വയലുകളും തോടുകളും കടന്ന് കാണികളിൽ ആവേശം പകർന്ന് എടുപ്പ് കുതിരകൾ മലനടക്കുന്നിൻ്റെ താഴ്വാരത്തെ മുരവുകണ്ടത്തിലെത്തി കരക്രമത്തിൽ നിരന്നു.
ആറോടെ കച്ചകെട്ടി തൊപ്പിധരിച്ച് ഓലക്കുട ചൂടി ഊരാളി കൃഷ്‌ണൻ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാഴ്‌ച കാണാനെത്തി. മുരവു കണ്ടം നിറഞ്ഞ് നിരന്ന കെട്ടു കാളകളെയും ചെറിയ നേർച്ച എടുപ്പ് കുതിരകളെയും അനുഗ്രഹിച്ചു. തുടർന്ന് കെട്ടുകാളകൾ ഒന്നൊന്നായി മലകയറാൻ തുടങ്ങി. ആറരയോടെ നെടും കുതിരകളെ മലകയറ്റാൻ തുടങ്ങി. അപ്പോഴേക്കും കാണികളുടെ ആവേശം അണപൊട്ടിയിരുന്നു.
ആദ്യം പനപ്പെട്ടി കരയുടെ കുതിര മലകയറി. പിന്നാലെ കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളുടെ കുതിരകളെയും മലകയറ്റി. പിന്നാലെ ഇടയ്ക്കാട് കരയുടെ വലിയ എടുപ്പുകാളയേയും മലകയറ്റി. കൂറ്റൻ നെടുംകുതിരകളെ തോളിലും കൈവെള്ളയിലുമേറ്റി നിഷായാസം കുത്തനെയുള്ള മലനടക്കുന്ന് കയറ്റുന്ന കാഴ്‌ച കാണികൾക്ക് വർണ വിസ്‌മയമാണ് പകർന്നത്. പതിനായിരങ്ങളാണ് മലക്കുട ഉത്സവവും പ്രസിദ്ധമായ കെട്ടുകാഴ്‌ചയും കാണാനെത്തിയത്.