പത്തനംതിട്ട : നിരന്തരം വഴക്കുപറയുന്നെന്ന വിരോധത്താൽ വയോധികയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന ജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 4, ജഡ്‌ജി പി പി പൂജയാണ് വിധി പ്രസ്‌താവിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം.
ജാർഖണ്ഡ് സാഹേബ്‌ഗഞ്ച് ബർമസിയ സ്വദേശി ബംഗാരിപഹഡിനെയാണ് (29) കോടതി (Pathanamthitta Additional District And Sessions Court 4 ) ശിക്ഷിച്ചത്. 2018 ഡിസംബർ 26 ന് പകൽ 11.30 നും ഒന്നരയ്ക്കുമിടയിലാണ് സംഭവം (housewife killed by axe). കോയിപ്രം പുല്ലാട് മുട്ടുമൺ മേലത്തേതിൽ പി എസ് ജോർജിന്‍റെ ഭാര്യ മറിയാമ്മ ജോർജ് (77) ആണ് യുവതിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് (Maid Killed House Wife With Axe ) ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്.
ജോർജിന്‍റെ മൊഴിപ്രകാരം കോയിപ്രം എസ് ഐ ആയിരുന്ന കെ എസ് ഗോപകുമാറാണ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന്, പൊലീസ് ഇൻസ്‌പെക്‌ടർ ആർ പ്രകാശ് അന്വേഷണം പൂർത്തിയാക്കി 2019 മാർച്ച് 28 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നിരന്തരം വഴക്ക് പറയുന്നു എന്ന വിരോധം കാരണം, വീടിന്‍റെ അടുക്കളഭാഗത്തുവച്ച് കോടാലിക്കൈ കൊണ്ട് തലയിലും കൈകാലുകളിലും മർദ്ദിച്ച് ബംഗാരിപഹഡ് മറിയാമ്മയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന്, ബിലീവേഴ്‌സ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞുവരവേ, സംഭവം നടന്ന് അന്നുവൈകിട്ടോടെ തന്നെ പരിക്കിന്‍റെ കാഠിന്യത്താല്‍ മറിയാമ്മ ജോർജ് മരണപ്പെട്ടതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി വാസു ഹാജരായി.