തിരുവനന്തപുരം: വില വർധനയിൽ പ്രതിഷേധിച്ച് കാലിക്കലവുമായി മഹിള കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം (Mahila Congress marches to assembly). മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇവർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു. നിരവധി വനിത പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട് (Clashes in Mahila Congress march).
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തത്. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അരി വില വർദ്ധനയും കാലിയായ സപ്ലൈകോ, മാവേലി സ്റ്റോറുകൾ ജന ജീവിതം ദുസഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു.
പ്രതിഷേധക്കാർക്ക് നേരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു. അതേസമയം പൊലീസിന്‍റെ വാഹനത്തിലാണ് പരിക്കേറ്റ ജെബി മേത്തർ എംപിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എംജി റോഡിൽ പ്രവർത്തകർ ഇപ്പോഴും തുടരുകയാണ്.