കണ്ണൂര്‍: മാഹി മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മാണം വഴിമുട്ടിയതോടെ ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. പുഴയും കടലും ചേരുന്നിടത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് മയ്യഴിപ്പുഴയില്‍ മീന്‍പിടിച്ച് ഉപജീവനം നയിക്കുന്നവരുടെ ജീവിതം ദുരിതത്തിലായത്. പരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നയിക്കുന്നവര്‍ക്ക് ഇപ്പോള്‍ ജീവിക്കാൻ മറ്റ് വഴികൾ തേടേണ്ട അവസ്ഥയാണ്.
കല്ലാമല മുതല്‍ മാഹി അഴിമുഖം വരെയുള്ള നിരവധി പേരുടെ ജീവിത മാര്‍ഗമാണ് മത്സ്യബന്ധനം. തുറമുഖ നിർമാണത്തിനായി വികലമായി കരിങ്കല്ലിട്ടതോടെ കടലില്‍ നിന്നും പുഴയിലേക്ക് വെള്ളം കയറുന്നത് തടസമായി. അതോടെ മാഹി പുഴയില്‍ കിലോമീറ്റര്‍ ദൂരം വരെ കടല്‍മീന്‍ വരുന്നത് ഇല്ലാതായി. മത്സ്യത്തൊഴിലാളികളെ ഇത് സാരമായി ബാധിച്ചു.
ഒരു കാലത്ത് നോങ്ങല്‍, ഏട്ട, ചെമ്പല്ലി, കോര തുടങ്ങിയ മത്സ്യങ്ങള്‍ പുഴയില്‍ നിന്നും സുലഭമായി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. മത്സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.
കടല്‍തിരമാലകള്‍ പുഴയിലേക്ക് കയറുന്നത് അശാസ്ത്രീയമായി കല്ലിട്ടതിനാല്‍ തടസപ്പെടുന്നുണ്ട്. തിരയടിച്ച് കയറുമ്പോഴാണ് മത്സ്യങ്ങള്‍ പുഴയില്‍ പ്രവേശിക്കുക. തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ ഒഴുക്ക് പഴയ രീതിയിലാവുകയുള്ളൂവെന്നും അവർ പറഞ്ഞു.
മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഇടപെട്ട് ഹാര്‍ബര്‍ നിര്‍മാണത്തിന് വേഗം കൂട്ടാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. പുതുക്കിയ ഡിപിആര്‍ പ്രകാരം തുറമുഖം പൂര്‍ത്തിയാക്കാനുളള നടപടികള്‍ നടന്നു വരികയാണ്. 18 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനം മാത്രമാണ് ഇനി നടക്കാനുള്ളൂ. അത് പൂര്‍ത്തിയാകുന്നതോടെ ഈ ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
Also Read: മാഹി തുറമുഖ നിര്‍മാണത്തിന് ജീവന്‍ വയ്‌ക്കുന്നു; ഡിപിആര്‍ ഓഗസ്റ്റിൽ പൂര്‍ത്തിയാക്കും