കണ്ണൂര്‍ : അറ്റകുറ്റപണിക്കായി അടച്ചിട്ട മാഹി പാലം 19-ാം തീയതി തുറന്ന് കൊടുക്കും. അടിയന്തര അറ്റകുറ്റപണികൾ പൂർത്തിയായി നാളെ രാവിലെ 6മണിയോടെയാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. പാലം തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ മാസം 29 മുതല്‍ പാലം അടച്ചിട്ട് അറ്റകുറ്റപണി നിര്‍വഹിക്കുകയായിരുന്നു. കോഴിക്കോട് ദേശീയപാത ഡിവിഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 19 ലക്ഷം രൂപ ചെലവില്‍ ആണ് അറ്റകുറ്റപണി നടത്തുന്നത്. ആദ്യം മെയ് 10-ന് തുറന്ന് കൊടുക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ പ്രവൃത്തി നീണ്ടു പോവുകയായിരുന്നു. അതോടെ 19-ാം തീയതി വരെ നിര്‍മ്മാണ പ്രവര്‍ത്തനം നീട്ടുകയായിരുന്നു. ടാറിങ് പൂര്‍ണ്ണമായും അടര്‍ത്തി മാറ്റി എക്‌സപാന്‍ഷന്‍ ജോയിന്‍റ് പൂര്‍ണ്ണമായും രണ്ടെണ്ണം മാറ്റി. മറ്റ് രണ്ടെണ്ണം ഭാഗികമായും മാറ്റിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് കൃത്യമായി ചേര്‍ന്നു നില്‍ക്കാന്‍ പത്ത് ദിവസം എടുക്കുമെന്നതാണ് പാലം തുറക്കുന്നത് വൈകാന്‍ ഇടയായത്. ഇത്രയും ദിവസം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണമായ യാത്രയായിരുന്നു. ദേശീയ പാതയിലെ ഇരുഭാഗത്തും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
പുതിയ ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് - അഴിയൂര്‍ ഭാഗം പൂര്‍ത്തിയായതോടെ മാഹി പാലം പുതുച്ചേരി കേരള സര്‍ക്കാറുകളുടെ അധികാര പരിധിയിലാണ്.