കണ്ണൂർ: ആളിപ്പടര്‍ന്ന് മാടായി കോളജിലെ നിയമന വിവാദം. എം കെ രാഘവന്‍ എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളജിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ നാലുപേർ ജോലിയിൽ പ്രവേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം.
തിങ്കളാഴ്‌ച(09-12-2024) രാവിലെയോടെയാണ് ഇവർ നാലുപേരും രജിസ്ട്രറിൽ ഒപ്പുവച്ചത്. ഓഫീസ് അസിസ്റ്റന്‍റ് വിഭാഗത്തിൽ മൂന്നും കമ്പ്യൂട്ടർ വിഭാഗത്തിൽ ഒന്നും ഒഴിവാണ് ഉണ്ടായത്. എം കെ രാഘവൻ എംപിയുടെ ബന്ധുവായ എം കെ ധനേഷ്, യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭരത് ഡി, പി. ദിവ്യ എന്നിവരാണ് ജോലിയിൽ പ്രവേശിച്ചത്.
ഇതിൽ ഭരത് മാത്രമാണ് കോൺഗ്രസ് പ്രവർത്തകനെന്നും മറ്റ് രണ്ടു പേരും സജീവ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. ഇതിന്‍റെ പേരിൽ അഭിമുഖം നടന്ന ശനിയാഴ്‌ച (07-12-2024)കോൺഗ്രസ് പ്രവർത്തകർ ചെയർമാൻ കൂടിയായ എം കെ രാഘവൻ എംപിയെ വഴിയിൽ തടയുകയും അഭിമുഖം നടക്കുന്ന മുറിക്കകത്തു കയറി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. പൊലീസ് എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ഇതിന് പിന്നാലെ നാല് കോൺഗ്രസ് പ്രവർത്തകരെ ഡിസിസി പ്രസിഡന്‍റ് സസ്പെൻഡ് ചെയ്‌തതും വിവാദത്തിന്‍റെ ആക്കം കൂട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തങ്ങളെ പുറത്താക്കി എന്നറിഞ്ഞ പ്രവർത്തകർ കുഞ്ഞിമംഗലത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നറിഞ്ഞതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്തിനെ കുഞ്ഞിമംഗലത്തേക്ക് അയച്ചത്. പ്രവർത്തകരുമായി ചർച്ച ചെയ്‌ത് സസ്പെൻഷൻ പിൻവലിക്കാമെന്നും നിയമനടപടികൾ നിർത്തിവയ്ക്കാമെന്നുള്ള ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞത്.
എന്നാൽ തിങ്കളാഴ്‌ചയോടെ ചിത്രം മാറി ഡിവൈഎഫ്ഐ പ്രവർത്തകരെ രാവിലെ 7 30 ഓടെ പ്രത്യേകം വിളിച്ചുവരുത്തി ജോയിൻ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. നാലുപേരും കോളജിൽ ജോലിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയത്തിന്‍റെ ഗൗരവം മാറിയത്. താനും രാജിവയ്ക്കും എന്ന ഭീഷണി ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് മുഴക്കിയതോടെ കോൺഗ്രസും രാഘവനും എന്ന നിലയിൽ ആയി കാര്യങ്ങൾ.
പിന്നാലെ കോളജ് ഡയറക്‌ടർമാരായ പയ്യന്നൂർ മാടായി ബ്ലോക്ക് പരിധിയിലെ കെ കെ ഫൽഗുണൻ, എം പ്രദീപ് കുമാർ, ടി. കരുണാകരൻ, പ്രതീഷ് പി ടി, എം കെ ബാലകൃഷ്‌ണൻ എന്നിവരെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡിസിസി പ്രസിഡന്‍റ് മാർജിൻ മാർട്ടിൻ ജോർജ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
സിപിഎം പ്രവർത്തകർക്ക് കോഴ വാങ്ങി ജോലി നൽകി എന്ന ആരോപണത്തിൽ സംശയ നിഴലിലായ കോഴിക്കോട് എംപി എം കെ രാഘവനെയും അദ്ദേഹം ചെയർമാനായ മാടായി കോളജിനേയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ കൊടുങ്കാറ്റിൽ മുക്കുമ്പോഴും ക്രമവിരുദ്ധമായി ഒന്നും ചെയ്‌തില്ലെന്ന നിലപാടിൽ ആണ് എം കെ രാഘവൻ. വേണമെങ്കിൽ സർക്കാറിന് നൽകാൻ തയ്യാറാണെന്നും രാഘവൻ പറഞ്ഞു.
എങ്കിലും കോൺഗ്രസ് അണികൾ അടങ്ങിയില്ല. കഴിഞ്ഞ ദിവസം രാത്രിയും കുഞ്ഞിമംഗലത്തെ എം.കെ രാഘവന്‍റെ ജന്മദേശത്ത് കോൺഗ്രസ് പ്രവർത്തകർ രാഘവന്‍റെ കോലം കത്തിച്ചു. വിഷയത്തിൽ അണികൾക്കൊപ്പം എന്ന് ഡിസിസി പറയുമ്പോഴും കെപിസിസി ആരോടൊപ്പം എന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. തന്‍റെ ബന്ധുക്കൾക്ക് ജോലി നൽകി എന്നതാണ് രാഘവൻ നേരിടുന്ന പ്രധാന ആരോപണം.
മാടയി കോളജിന്‍റെ പിറവി...
കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ച മാടായിപ്പാറയുടെ മുകളിൽ 25 ഏക്കറിൽ പരന്നു കിടക്കുകയാണ് മാടായി കോ-ഓപ്പറേറ്റീവ് ആൻഡ് സയൻസ് കോളജ്. 1980ൽ പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുന്നതിലൂടെയാണ് മാടായി കോളജിന്‍റെ ബീജാവാപം. നിലവിൽ പയ്യന്നൂർ പട്ടണത്തിനകത്ത് ഒത്ത നടുവിൽ കോ ഓപ്പറേറ്റീവ് സ്റ്റോർ കെട്ടിടത്തിനു മുകളിൽ പാരലൽ കോളജ് ആയിട്ടായിരുന്നു മാടായി കോളേജിന്‍റെ തുടക്കം. എം കെ രാഘവൻ ചെയർമാനായി കൊണ്ട് ഏഴംഗ ഭരണസമിതിയാണ് മാടായി കോളജിൽ അന്ന് ഉണ്ടായിരുന്നതെന്ന് മാടായി കോളജിലെ മുൻ ജീവനക്കാരൻ ആയിരുന്ന മോഹനൻ പുറച്ചേരി പറയുന്നു.
ശ്രീമതി സി പി കമലം രാജ്, കെ എം ബാലകൃഷ്‌ണൻ, ദാമോദരൻ മാസ്റ്റർ തുടങ്ങി ഏഴു പേരായിരുന്നു കോളജിന്‍റെ അന്നത്തെ ഡയറക്‌ടർമാർ. 1982ൽ കരുണാകരൻ മന്ത്രിസഭയുടെ കാലത്താണ് റെഗുലർ കോളജ് എന്ന അംഗീകാരം ലഭിക്കുന്നത്. സഹകരണ രംഗത്ത് മാനേജ്മെന്‍റിന് കീഴിലുള്ള ആദ്യ എയ്‌ഡഡ് കോളജ് കൂടിയാണ് മാടായി കോ-ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളജ് . പ്രൊഫസർ പി എം ലക്ഷ്‌മണനായിരുന്നു കോളജിന്‍റെ ആദ്യ പ്രിൻസിപ്പാൾ.
1995നു ശേഷമാണ് കോളജ് ഭരണ സമിതിയിൽ ചെയർമാൻ പദവിയിൽ ആദ്യമാറ്റം ഉണ്ടാവുന്നത്. എ വി ഗോവിന്ദൻ അടിയോടി ചെയർമാനും എം കെ രാജൻ സെക്രട്ടറിയുമായി പിന്നീടുള്ള ഭരണസമിതി കോളജിനെ മുന്നോട്ടു നയിച്ചു. പിന്നീട് എംകെ രാജനും കോളജിന്‍റെ ചെയർമാനായി. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോഴിക്കോട് എംപി എം കെ രാഘവൻ തന്നെ വീണ്ടും കോളജിന്‍റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്. പത്തോളം കോഴ്‌സുകളാണ് പയ്യന്നൂരിലെ കണ്ണൂരിലെ പ്രധാന കലാലയമായ മാടായി കോളജിലുള്ളത്.
കേസിലും തളരാതെ സഹകരണ രംഗത്ത് മാനേജ്മെന്‍റിന് കീഴിലുള്ള ആദ്യ എയ്‌ഡഡ് കോളജ് ഉയർന്നു വന്നപ്പോൾ...!
കോളജ് കെട്ടിട നിർമാണ രൂപീകരണ വേളയിലും രാഘവൻ വെല്ലുവിളി നേരിട്ടു എന്നത് മറ്റൊരു ചരിത്രം. ചിറക്കൽ കോവിലത്ത് നിന്ന് പതിച്ചു നൽകിയ 25 ഏക്കർ ഭൂമിയിൽ കോളേജിനായി കെട്ടിടം പണിയുമ്പോൾ നാട്ടുകാര്‍ കെട്ടിടത്തിനെതിരെ കേസുമായി കോടതിയിലെത്തി. കേസ് പരാജയപ്പെട്ടാൽ കോളജ് കെട്ടിടം പൊളിച്ചു നീക്കും എന്നായിരുന്നു അന്ന് എം കെ രാഘവവൻ പറഞ്ഞതത്രേ. കെട്ടിടം പൊളിച്ചുനീക്കുന്നതിന് പകരം ഒത്തുതീർപ്പിലൂടെ കെട്ടിടം പണി കഴിപ്പിച്ചു.
കോൺഗ്രസിന്‍റേതോ രാഘവന്‍റേതോ...?
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം അലയടിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധക്കാരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്. മാടായി കോളജ് എം കെ രാഘവന്‍റേതോ? കോൺഗ്രസിന്‍റേതോ..? ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു പക്ഷെ കോളജിൽ ജീവനക്കാരായ ആളുകളെയും ഡയറക്‌ടർമാരെയും അറിയുമ്പോൾ തന്നെ വ്യക്തമാകുമെന്ന് മോഹനൻ പുറച്ചേരി പറയുന്നു. മഞ്ഞാചേരി കുപ്പാടക്കത്ത് എന്ന എം. കെ രാഘവന്‍റെ തറവാട്ട് സഹോദരൻമാരാണ് കോളജിന്‍റെ ചെയർമാനായിരുന്ന എം.കെ രാജനും, ഇന്ന് ഡയറക്‌ടർ ബോർഡിലുള്ള എം.കെ ബാലകൃഷ്‌ണനും വിവാദ നിയമന പട്ടികയിൽ ഉള്ള എം.കെ ധനേഷും. കഴിഞ്ഞില്ല. എം. കെ രാജന്‍റെ ഭാര്യ ആണ് കോളജ് രൂപീകരണ വേളയിൽ ഡയറക്‌ടർ ആയി ഉണ്ടായിരുന്ന സി. പി കമലം രാജ്.
പിന്നീട് കമലം രാജും ദാമോദരൻ മാസ്റ്ററും കോളജിൽ ക്ലർക്ക് ആയി ജോലി ചെയ്‌തു എന്നത് മറ്റൊരു കൗതുകം. എം കെ തറവാട്ടിനു പുറത്തേക്ക് ചെയർമാൻ പദവി നൽകാൻ ഒരു ഘട്ടത്തിലും രാഘന് താത്‌പര്യം ഉണ്ടായിരുന്നില്ലത്രേ. അഗ്രിൻകോ വിവാദത്തെ തുടർന്ന് ആദ്യ തവണ ചെയർമാൻ പദവി ഒഴിയേണ്ടി വന്ന രാഘവൻ പദവി ഏല്പിച്ചത് എ. വി ഗോവിന്ദൻ അടിയോടിയെ ആയിരുന്നു. രണ്ട് ടേം കഴിഞ്ഞതോടെ രാഘവന്‍റെ സഹോദരൻ രാജനിലേക്ക് തന്നെ ചെയർമാൻ പദവി വീണ്ടും എത്തുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ എം. കെ രാജൻ ചെയർമാൻ സ്ഥാനത് നിന്ന് ഒഴിയുമ്പോൾ വീണ്ടും ചുമതല ഏല്‍പ്പിച്ചത് എം. കെ രാഘവനെ തന്നെ. ഭരണസമിതിയിൽ നിന്ന് രാജൻ ഒഴിഞ്ഞെങ്കിലും രാജന്‍റെ ഭാര്യ കമലം രാജ് വീണ്ടും ഭരണസമിതിയിലേക്ക് കടന്നു കൂടി. കൂടാതെ രാജന്‍റെ മറ്റൊരു സഹോദരൻ എം.കെ ബാലകൃഷ്‌ണനും ഡയറക്‌ടർ ബോർഡ് പട്ടികയിൽ ഇടം നേടി.
നിലവിൽ 11 പേരാണ് ഡയറക്‌ടർ ബോർഡ് പട്ടികയിൽ ഉള്ളത്. എം കെ രാഘവൻ ചെയർമാനും പയ്യന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ ഫൽഗുണനൻ വൈസ് ചെയർമാനും ആയി ടി കരുണാകരൻ, കെ ജയരാജ്, എം പ്രതീഷ് കുമാർ, പി ചന്ദ്രൻ, എം കെ ബാലകൃഷ്‌ണൻ, പി.ടി പ്രതീഷ്, സിപി കമലം രാജ്, ഗായത്രി കെ അടിയോടി, നീര ആർ.എസ് എന്നിവരുൾപ്പെട്ടതാണ് കോളജിന്‍റെ നിലവിലെ ഭരണസമിതി. മുൻ ചെയർമാൻ ഗോവിന്ദൻ അടിയോടിയുടെ മകനാണ് പി. ടി പ്രതീഷ്.
രാഘവന്‍റെ വ്യക്തി ബന്ധവും എ ഗ്രൂപ്പിന്‍റെ ആരൂഡ സ്ഥാനവും...!
എക്കാലത്തും രാഘവന്‍റെ സ്വാധീനത്തിന് അപ്പുറത്തേക്ക് പാർട്ടിക്ക് കോളജിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന അഭിപ്രായക്കാരനാണ് മോഹനൻ പുറച്ചേരി. ഏത് ഭരണ സമിതിയും എക്കാലത്തും എം കെ രാഘവന്‍റെ ആധിപത്യത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വത്തിന് മുട്ടു മടക്കേണ്ടി വന്നിട്ടുണ്ടെന്ന് മോഹനൻ പുറച്ചേരി പറയുന്നു. കോൺഗ്രസ് അപേക്ഷകരുടെ ഗ്രൂപ്പ് തന്നെ അളന്നു മുറിച്ചു നോക്കിയാണ് കോളജിൽ പ്രവേശനം നൽകുക. എ ഗ്രൂപ്പ് എന്ന ഉറപ്പുള്ളവർക്കും തന്നോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്കും മാത്രമേ രാഘവൻ ഈ സ്ഥാപനത്തിൽ ജോലി നൽകിയിരുന്നുള്ളു എന്നും മോഹനൻ പുറച്ചേരി പറയുന്നു.
Also Read: വർണങ്ങളുടെ കുടമാറ്റം; തെക്കിനാക്കല്‍ കോട്ടയും ജൂതക്കുളവുമായി മാടായിപ്പാറ, സഞ്ചാരികളെ കാത്തിരിക്കുന്നത് അപൂർവ ചരിത്ര കഥകൾ